| Wednesday, 8th April 2026, 11:54 am

അവന്‍ ബൗളര്‍മാരുടെ മനസില്‍ ഭയം നിറച്ചിരിക്കുന്നു; ബുംറയാണെങ്കില്‍ പോലും അതിന് മാറ്റമില്ല; പ്രശംസകൊണ്ട് മൂടി സ്റ്റെയ്ന്‍

ആദർശ് എം.കെ.

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഡെയ്ല്‍ സ്റ്റെയ്ന്‍. മുംബൈയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെയാണ് സ്‌റ്റെയ്ന്‍ വൈഭവിനെ പ്രശംസിച്ചത്.

ജസ്പ്രീത് ബുംറയടക്കമുള്ള ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ വൈഭവിന് സാധിച്ചുവെന്ന് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ സ്‌റ്റെയ്ന്‍ പറഞ്ഞു.

ഡെയ്ല്‍ സ്റ്റെയ്ന്‍

‘നിങ്ങളെ എനിക്ക് അനായാസം ബൗണ്ടറിയടിക്കാന്‍ സാധിക്കുമെന്ന ഭയം അവന്‍ ബൗളര്‍മാരില്‍ നിറച്ചു. ബുംറയുടെ ആ പന്തടക്കം കൃത്യം സ്ലോട്ടിലായിരുന്നു. ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യം തെറ്റിദ്ധരിക്കരുത്, ‘എന്റെ ഭാഗത്ത് നിന്നും ഏന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അവന്‍ സിക്‌സറിന് പറത്തുമെന്നായിരിക്കും’ ഏറ്റവും മികച്ചവനായ ബുംറ പോലും ചിന്തിക്കുന്നുണ്ടാവുക. ഇങ്ങനെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ ആ പിഴവ് വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. സിക്‌സര്‍ വഴങ്ങിയപ്പോഴും ബുംറ ചിരിക്കുന്നത് പോലെയാണ് തോന്നിയത്,’ സ്‌റ്റെയ്ന്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി

ഒരു ഭയവുമില്ലാതെയാണ് വൈഭവ് സൂര്യവംശി ബാറ്റ് വീശുന്നതെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

‘ഈ കുട്ടിക്ക് ഒരു തരത്തിലുമുള്ള പേടിയുമില്ല. നിങ്ങള്‍ക്ക് ഒരു ഹാഫ് വോളി പിഴച്ചാല്‍ പോലും അവന്‍ നിങ്ങളെ ഗ്രൗണ്ടിന് വെളിയിലെത്തിക്കും. നിങ്ങളുടെ ലെങ്ത് കൃത്യമല്ലെങ്കില്‍ പന്ത് ദൂരേയ്ക്ക് പറക്കുമെന്നുറപ്പാണ്. അതിപ്പോള്‍ നിങ്ങള്‍ ബുംറയാണെങ്കില്‍ പോലും അക്കാര്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ല,’ സ്‌റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ 27 റണ്‍സിന്റെ നിര്‍ണായക വിജയം സ്വന്തമാക്കിയപ്പോള്‍ അതില്‍ വൈഭവിന്റെ പങ്ക് വളരെ വലുതായിരുന്നു. വെറും 14 പന്ത് നേരിട്ട് 39 റണ്‍സാണ് വൈഭവ് നേടിയത്.

ആകാശം തൊട്ട അഞ്ച് സിക്‌സറും ഒരു ഫോറുമടക്കം 278.57 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് വൈഭവ് സ്‌കോര്‍ ചെയ്തത്.

സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 17 പന്തില്‍ 52 റണ്‍സടിച്ച താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.

നിലവില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വൈഭവ്. മൂന്ന് മത്സരത്തില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സാണ് വൈഭവിന്റെ പേരിലുള്ളത്. 170 റണ്‍സുമായി യശസ്വി ജെയ്‌സ്വാളാണ് ഒന്നാമത്.

ഏപ്രില്‍ പത്തിനാണ് രാജസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍. ഗുവാഹത്തി തന്നെയാണ് വേദി.

Content Highlight: Dale Steyn praises Vaibhav Suryavanshi

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more