| Sunday, 8th February 2026, 7:32 pm

പ്രിയപ്പെട്ട നേപ്പാള്‍... നിങ്ങള്‍ക്കെന്നെ ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കൂടെയുണ്ടാകും; ഞെട്ടിച്ച് സ്റ്റെയ്ന്‍

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പിന്നാലെ നേപ്പാളിനെ അഭിനന്ദിച്ച് ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു നേപ്പാളിന്റെ പരാജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നേപ്പാളിനെ അഭിനന്ദിക്കുന്നതിനൊപ്പം തന്റെ സേവനവും സ്റ്റെയ്ന്‍ നേപ്പാള്‍ ക്രിക്കറ്റിന് വാഗ്ദാനം ചെയ്യുന്നുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സ്റ്റെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘നേപ്പാള്‍, നിങ്ങള്‍ക്കെപ്പോഴെങ്കിലും എന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ ഞാനത് വാഗ്ദാനം ചെയ്യുന്നു. അപ്പ്, അപ്പ്, ആന്‍ഡ് അപ്പ്,’ എന്നായിരുന്നു സ്റ്റെയ്‌നിന്റെ പോസ്റ്റ്.

ഇതോടെ അധികം വൈകാതെ പ്രോട്ടിയാസ് ഇതിഹാസം റൈനോസിന്റെ പരിശീലകസ്ഥാനത്തേക്കെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ നേപ്പാള്‍ ക്രിക്കറ്റിന്റെ ഭാവി തന്നെ തിരുത്തിക്കുറിക്കുന്ന നീക്കമായി അത് മാറിയേക്കും.

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുന്‍ ചാമ്പ്യന്‍മാര്‍ ജേകബ് ബേഥലിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബേഥല്‍ 35 പന്തില്‍ 55 റണ്‍സടിച്ചപ്പോള്‍ 32 പന്തില്‍ 53 റണ്‍സുമായാണ് ബ്രൂക് പുറത്തായത്.

18 പന്ത് നേരിട്ട് പുറത്താകാതെ 39 റണ്‍സ് നേടിയ വില്‍ ജാക്‌സും 17 പന്തില്‍ 26 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും ഇംഗ്ലണട് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 184ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ ആസിഫ് ഷെയ്ഖും കുശാല്‍ ഭര്‍ട്ടലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മത്സരം കൈവിടാതെ കാത്തു.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് പൗഡേലും ദീപേന്ദ്ര സിങ് ഐറിയും ചേര്‍ന്ന് 82 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 124ല്‍ നില്‍ക്കവെ ഐറിയെയും 126ല്‍ നില്‍ക്കവെ രോഹിത് പൗഡേലിനെയും മടക്കി ഇംഗ്ലണ്ട് കളി തിരിച്ചു. ഐറി 29 പന്തില്‍ 44 റണ്‍സും പൗഡേല്‍ 34 പന്തില്‍ 39 റണ്‍സും നേടിയാണ് മടങ്ങിയത്.

എന്നാല്‍ ആറാം നമ്പറിലെത്തിയ ലോകേഷ് ബാം തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ജോഫ്രാ ആര്‍ച്ചറിനെയടക്കം തുടരെ തുടരെ പ്രഹരിച്ച് ലോകേഷ് നേപ്പാളിന്റെ സാധ്യതകള്‍ നിലനിര്‍ത്തി.

അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു നേപ്പാളിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. സമ്മര്‍ദത്തിന്റെ പടുകുഴിയില്‍ നില്‍ക്കവെ ഹാരി ബ്രൂക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറന് പന്ത് നല്‍കി.

ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്നും വെറും നാല് റണ്‍സ് മാത്രമാണ് പിറന്നത്. അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ വിജയിക്കാമെന്നിരിക്കെ ഒറ്റ റണ്‍സ് മാത്രമാണ് സാം കറന്‍ വിട്ടുകൊടുത്തത്. ഇതോടെ ഇംഗ്ലണ്ട് നാല് റണ്‍സിന്റെ വിജയം സ്വന്തമാക്കി.

20 പന്തില്‍ 39 റണ്‍സുമായി ലോകേഷ് ബാം പുറത്താകാതെ നിന്നു.

ഈ പരാജയത്തിന് പിന്നാലെ ഗ്രൂപ്പ് സി-യില്‍ മൂന്നാമതാണ് നേപ്പാള്‍. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ളത്.

ഫെബ്രുവരി 12നാണ് നേപ്പാളിന്റെ അടുത്ത മത്സരം. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഇറ്റലിയാണ് എതിരാളികള്‍.

Content highlight: Dale Steyn offers his services to Nepal Cricket

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more