ഐ.പി.എല്‍ 2026ല്‍ നിന്ന് പ്ലേഓഫ് കാണാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പടിയിറങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് വിജയവും എട്ട് തോല്‍വിയുമടക്കം 12 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയത്.
എന്നാല്‍ ഈ സീസണില്‍ ചെന്നൈ ആരാധകര്‍ കാത്തിരുന്നത് സൂപ്പര്‍ താരം എം.എസ്. ധോണിയുടെ വരവായിരുന്നു. നിര്‍ഭാഗ്യവശാല്‍ പരിക്ക് മൂലം ധോണി ഒറ്റ മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. കാല്‍മുട്ടിനും കൈവിരലിനും പരിക്കേറ്റതിനാലാണ് ധോണി ടീമിനൊപ്പം കളത്തിലിറങ്ങാത്തത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇതിഹാസ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ധോണി തന്റെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് മുന്‍ പ്രോട്ടിയാസ് താരം പറഞ്ഞത്. ധോണി ഒരു മികച്ച കളിക്കാരനായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് മറ്റ് താരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല മഞ്ഞ ജേഴ്സിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ അത് എം.എസ്. ധോണിയാണെന്ന് നിങ്ങള്‍ കരുതുന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സുമായുള്ള യൂട്യൂബ് ചാനലിലെ ചര്‍ച്ചക്കിടയില്‍ സംസാരിക്കുകയായിരുന്നു സ്‌റ്റെയ്ന്‍.
‘ധോണി തന്റെ കരിയര്‍ ഇനി അവസാനിപ്പിക്കണമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു, പക്ഷേ ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് മറ്റ് താരങ്ങളിലാണ്. ധോണി ഒരു മത്സരത്തിനും വന്നില്ല. കളിയില്‍ തനിക്കുള്ള സ്ഥാനം നേടാന്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം കളിച്ചില്ലെന്ന് നിങ്ങള്‍ക്കറിയാം.
പക്ഷേ, മഞ്ഞ ജേഴ്സിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ അത് എം.എസ്. ധോണിയാണെന്ന് നിങ്ങള്‍ കരുതുന്നതില്‍ എനിക്ക് ഖേദമുണ്ട്. സച്ചിന്‍ ഇപ്പോഴും എല്ലാ മുംബൈ മത്സരങ്ങളിലും വരാറുണ്ട്. അദ്ദേഹം അവിടെയുണ്ട്. എന്നാല്‍ എം.എസ്. ഉണ്ടെന്നതില്‍ എനിക്ക് വിയോജിപ്പാണ്. കളിക്കളത്തില്‍ എം.എസ്. ഉണ്ടായിരിക്കുന്നത് തീര്‍ച്ചയായും സഹായിക്കുകയും ഡ്രസ്സിങ് റൂമില്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യും,’ സ്‌റ്റെയ്ന്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എക്കാലത്തെയും മികച്ച താരമാണ് ധോണി. ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. ഐ.പി.എല്ലില്‍ 242 ഇന്നിങ്‌സുകള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 38.3 എന്ന ആവറേജും 137.4 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
2025ല്‍ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നപ്പോഴും താരം ഫ്രാഞ്ചൈസിക്കൊപ്പം നിലകൊണ്ടിരുന്നു. 2026ലും താരം വിരമിക്കല്‍ പ്രഖ്യാപനം നടത്താത്തത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ ധോണിക്ക് സാധിക്കാത്തതില്‍ ആരാധകര്‍ നിരാശയിലാണ്.
Content Highlight: Dale Stayn Talking About Chennai super Player MS Dhoni