| Tuesday, 3rd February 2026, 3:13 pm

എപ്സ്റ്റീന്‍ ഫയല്‍സില്‍ ദലൈലാമയും; ഇ -മെയിലില്‍ പരാമര്‍ശിച്ചത് 169 തവണ; 2012ല്‍ എപ്സ്റ്റീന്റെ വസതിയിലെത്തിയെന്നും ആരോപണം

അനിത സി

വാഷിങ്ടണ്‍: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പേരും വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സില്‍. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട തെളിവുകളിലാണ് ദലൈലാമയുടെ പേര് 169ഓളം തവണ ഇ-മെയിലില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരം ഉള്‍പ്പെട്ടിരിക്കുന്നത്.

2012ല്‍ എപ്സ്റ്റീനെ ദലൈലാമ കണ്ടിരുന്നതായും മറ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവരും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതായും ഇ-മെയിലുകളില്‍ പരാമര്‍ശമുണ്ട്.

ദലൈലമാമയ്ക്ക് പുറമെ അദ്ദേഹത്തിന്റെ അനുയായികളും എപ്സ്റ്റീനെ സന്ദര്‍ശിച്ചിട്ടുണ്ടാകാമെന്ന് യൂറോപ്യന്‍ മാധ്യമമായ നെക്‌സ്റ്റ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദലൈലാമ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വസതിയിലെത്തിയിരുന്നെന്ന് മാധ്യമപ്രര്‍ത്തകനായ മൈക്കല്‍ വൂള്‍ഫ് ഡെയിലി ബീസ്റ്റ് പോഡ്കാസ്റ്റിലൂടെ അവകാശപ്പെട്ടു.

എപ്‌സിറ്റീന്റെ യു.എസിലെ മാന്‍ഹട്ടനിലെ വസതിയില്‍ നടന്ന ഒത്തുചേരലുകളില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ദലൈലാമയും ഉണ്ടായിരുന്നതായാണ് മൈക്കല്‍ വൂള്‍ഫിന്റെ ആരോപണം. സംഭാവനയായി ലഭിക്കുന്ന പണമായിരിക്കാം ദലൈലാമയെ എപ്‌സിറ്റീന് അരികിലെത്തിച്ചതെന്നും വൂള്‍ഫ് പറയുന്നു.

വൂള്‍ഫിന്റെ അവകാശവാദങ്ങളെ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ജേക്കബ് സില്‍വര്‍മാന്‍ തന്റെ ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. Why was The Dalai Lama at Jeffery Epstein’s House? എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. അതേസമയം, ഈ അവകാശവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദലൈലാമയുടെ ഓഫീസ് മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എപ്സ്റ്റീന് പുറമെ ക്രിമിനല്‍ കുറ്റവാളിയായ കീത്ത് റാനിയറുമായും ദലൈലാമ ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ലൈംഗികാരാധനകള്‍ കാരണം വിവാദത്തിലാവുകയും 2019ല്‍ ഏഴ് കുറ്റകൃത്യങ്ങളില്‍ 120 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കീത്ത് അലന്‍ റാനിയര്‍.

ദലൈലാമ 2009ല്‍ കീത്തിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുകയും അദ്ദേഹത്തിനെ ടിബറ്റിന്റെ ആചാരമായ സ്‌കാര്‍ഫ് അണിയിക്കുകയും ചെയ്തിരുന്നുവെന്നും പിന്നാലെ ദലൈലാമയ്ക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന കീത്ത് നല്‍കിയെന്നും സില്‍വര്‍മാന്‍ ആരോപിക്കുന്നു.

അതേസമയം, എപ്സ്റ്റീന്‍ ഫയല്‍സില്‍ യു.എസ് പ്രസിഡന്റ് ഡൈാണാള്‍ഡ് ട്രംപ്, വ്യവസായി ഇലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്‌സ്, പോപ്പ് താരം മൈക്കല്‍ ജാക്‌സണ്‍, ഓസ്‌കര്‍ ജേതാവ് കെവിന്‍ സ്‌പേസി എന്നിവരുടെ പേരുകള്‍ക്ക് പുറമെ ചലച്ചിത്ര നിര്‍മാതാവ് മീരാ നായര്‍, ഇന്തോ-അമേരിക്കന്‍ വെല്‍നസ് ഗുരു ദീപക് ചോപ്ര, ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകനായ റീഡ് ഹോഫ്മാന്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്‌സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെട്ടത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

Content Highlight: Dalai Lama also in Epstein files; mentioned 169 times in emails; alleged to have visited Epstein’s residence in 2012

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more