| Wednesday, 5th October 2016, 8:08 am

ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോബിന്‍ അലിയാസ് രവി (20) എന്നയാളാണ് ദല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്.


ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ അലിയാസ് രവി (20) എന്നയാളാണ് ദല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്.

വയറിന് കഠിനമായ വേദന കാരണം രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു . വൃക്ക സംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവും കൊണ്ട് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട റോബിന്റെ ആരോഗ്യനില ചൊവ്വാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരുവര്‍ഷത്തോളമായി നോയിഡയിലെ ജയിലിലായിരുന്ന റോബിന്‍, മര്‍ദ്ദനത്തിന് ഇരയായിരുന്നെന്നും ജയില്‍ അധികൃതരാണ് മരണത്തിന് ഉത്തരവാദികളെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നടന്ന മരണമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. എന്നാല്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന് പിന്നീട് നടത്തിയ മറ്റൊരു പരിശോധനാ ഫലം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more