| Thursday, 14th August 2025, 10:09 pm

രജിനി പോലും ഇതിനടുത്ത് എത്തിയിട്ടില്ല, കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിന് പിന്നാലെ ചര്‍ച്ചയായി ബാലയ്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വന്‍ പ്രതീക്ഷയിലെത്തിയ പല വമ്പന്‍ ചിത്രങ്ങളും പാടേ നിരാശപ്പെടുത്തിയ വര്‍ഷമായിട്ടാണ് പലരും 2025നെ കണക്കാക്കുന്നത്. മോഹന്‍ലാല്‍, അജിത് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി പല വമ്പന്‍ താരങ്ങള്‍ക്കും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പലരും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു കൂലി.

രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തിന് റിലീസിന് മുമ്പ് ആകാശത്തോളം ഹൈപ്പായിരുന്നു. ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറുമെന്ന് പലരും കൂലിയെ വിശേഷിപ്പിച്ചു. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് കൂലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് പലരുടെയും അഭിപ്രായം.

മാസ് സിനിമയെന്ന ലേബലിലെത്തുന്ന പല സിനിമകളും പ്രേക്ഷകര്‍ക്ക് ആവേശം സമ്മാനിക്കുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്ന കാര്യം പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്കാകാതെ പോകുന്നതാണ് ഇതിന് കാരണം. കൂലിയും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ വീണ്ടും ചര്‍ച്ചയാകുന്നത് ഒരു തെലുങ്ക് ചിത്രമാണ്.

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്ത ഡാക്കു മഹാരാജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തെലുങ്കില്‍ ശരാശരി വിജയം മാത്രമായിരുന്നു ചിത്രത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഡാക്കു മഹാരാജ് പ്രേക്ഷകര്‍ ഏറ്റെടുത്തു. കേരളത്തില്‍ തിയേറ്റര്‍ റിലീസില്ലാത്തതില്‍ പലരും നിരാശ പ്രകടിപ്പിക്കുന്നതും കാണാന്‍ സാധിച്ചു.

മാസ് മൊമന്റുകള്‍ സൃഷ്ടിക്കുന്നതില്‍ ഡാക്കു മഹാരാജിനൊപ്പം നില്‍ക്കുന്ന മറ്റൊരു സിനിമയും ഇതുവരെ റിലീസായിട്ടില്ലെന്നാണ് പലരും പറയുന്നത്. കൂലി, തഗ് ലൈഫ്, റെട്രോ, ഗെയിം ചേഞ്ചര്‍ തുടങ്ങിയ സിനിമകള്‍ക്കൊന്നും ഡാക്കു മഹാരാജിന്റെ ഇന്റര്‍വെല്‍ സീനിന്റെയത്ര പോലും രോമാഞ്ചം സമ്മാനിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

കാടിന് നടുവില്‍ ചുറ്റും തീ പടരുമ്പോള്‍ കുതിപ്പുറത്ത് വില്ലനെ ഓടിച്ച് അയാളെ കൊല്ലുന്ന ബാലകൃഷ്ണയുടെ സ്വാഗ് പല നടന്മാര്‍ക്കും ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്. സംഗീത സംവിധായകനും നടനും സംവിധായകനും ഒരുപോലെ സ്‌കോര്‍ ചെയ്ത ചുരുക്കം സിനിമകളിലൊന്നാണ് ഡാക്കു മഹാരാജ്. ഈ സിനിമയെക്കാള്‍ നല്ല മാസ് മൊമന്റ് സമ്മാനിക്കുന്ന മറ്റൊരു ചിത്രം ഇനി ഈ വര്‍ഷമുണ്ടാകില്ലെന്നാണ് പലരും അനുമാനിക്കുന്നത്.

Content Highlight: Daaku Maharaaj movie discussing after the release of Coolie

We use cookies to give you the best possible experience. Learn more