| Saturday, 21st February 2026, 8:54 pm

DA'LiT KIDS ഷോര്‍ട്ട് ഫിലിമിന് അനിമേല ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു; അപലപിച്ച് എസ്.ആര്‍.എഫ്.ടി.ഐ വിദ്യാര്‍ത്ഥി യൂണിയന്‍

അനിത സി

മുംബൈ: ഇന്ത്യയിലെ ജാതി യാഥാര്‍ത്ഥ്യങ്ങളും ദളിത് സമൂഹങ്ങളുടെ ജീവിതാനുഭവങ്ങളും പറയുന്ന DA’LiT KIDS എന്ന മലയാളം അനിമേഷന്‍ ഷോര്‍ട്ട് ഫിലിമിന് മുംബൈയിലെ അനിമേല ആനിമേഷന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്.

എസ്.ആര്‍.എഫ്.ടി.ഐ (സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്)യിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിമിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.

എസ്.ആര്‍.എഫ്.ടി.ഐയിലെ പതിനേഴാം ബാച്ചിലെ വിദ്യാര്‍ത്ഥികളായ അപ്പു സോമനും ടോണി ജോപ്പനും ചേര്‍ന്ന് സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിമിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ശക്തമായി അപലപിക്കുകയും ചെയ്തു.

DA’LiT KIDS ന്റെ കഥയും സംവിധാനവും അനിമേഷനും നിര്‍വഹിച്ചത് അപ്പു സോമനും സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് മിക്‌സ് ചെയ്തത് ടോണി ജോപ്പനുമാണ്.

ജനാധിപത്യ തത്വങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനേയും മൗലികാവകാശത്തിനേയും ദുര്‍ബലപ്പെടുത്തുന്ന സെന്‍സര്‍ഷിപ്പ് നടപടിയാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു.

സിനിമയിലൂടെ ജാതി യാഥാര്‍ത്ഥ്യങ്ങളോട് മല്ലടിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും വിദ്യാര്‍ത്ഥി യൂണിയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാമൂഹികമായി ഇടപെടുന്ന വിമര്‍ശനാത്മക സ്വഭാവമുള്ള സിനിമാ നിര്‍മാണങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ കലയിലെ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച പ്രതിഷേധം

സിനിമയെ ചര്‍ച്ച ചെയ്യപ്പെടുന്ന സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഒരു ഇടമായി സംരക്ഷിക്കുന്നതിന് വേണ്ടി സെന്‍സര്‍ഷിപ്പിനെ ചെറുക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഈ ഷോര്‍ട്ട് ഫിലിം മുമ്പ് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IDSFFK), ധര്‍മ്മശാല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (DIFF) തുടങ്ങിയ പ്രശസ്തമായ ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, അനിമേലയില്‍ ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനം തടയുകയായിരുന്നു.

Content Highlight: DA’LiT KIDS  animation short film denied screening permission at Animela Festival; SRFTI Student Union condemns

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more