| Wednesday, 18th June 2025, 1:11 pm

വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവിനൊപ്പം വേദി പങ്കിട്ട് പ്രതിപക്ഷനേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെന്ന പരാമര്‍ശം വിവാദമാകുന്നതിനിടെ ബി.ജെ.പി നേതാവിനൊപ്പം വേദി പങ്കിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള സമര യാത്രയുടെ സമാപനത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ബി.ജെ.പി. നേതാവ് വി.വി. രാജേഷിനൊപ്പം വേദി പങ്കിട്ടത്.

ചരിത്രത്തിലും ഇപ്പോഴും സി.പി.ഐ.എമ്മും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന വിമര്‍ശനം മാധ്യമങ്ങളോട് പങ്കുവെച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിപക്ഷനേതാവ് ബി.ജെ.പി നേതാവിനൊപ്പം വേദി പങ്കിട്ടത്. പ്രതിപക്ഷനേതാവിന് പുറമെ യു.ഡി.എഫ് നേതാക്കളാളായ ഷിബു ബേബി ജോണ്‍,  പാലോട് രവി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

തിരുവനന്തപുരം സെക്രട്ടേറിയേറ്റ് നടയില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായാണ് കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ ആശമാരുടെ രാപ്പകല്‍ സമര യാത്ര എന്ന പേരില്‍ യാത്ര നടത്തിയത്. മെയ് അഞ്ചിന് കാസര്‍ഗോഡ്‌ നിന്ന് ആരംഭിച്ച യാത്ര ജൂണ്‍ 18ന് തിരുവനന്തപുരത്ത് അവസാനിക്കുകയും യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

ഈ സമാപന പരിപാടിയിലാണ് പ്രതിപക്ഷ നേതാവ് ബി.ജെ.പി. നേതാവിനൊപ്പം വേദി പങ്കിട്ടത്. നേരത്തെ ഈ സമരത്തിന് ബി.ജെ.പി അനുകൂല തൊഴിലാളി സംഘടന ബി.എം.എസ്. പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെയാണിപ്പോള്‍ ഈ സമരത്തിന്റെ ഭാഗമായി ബി.ജെ.പി നേതാവിനൊപ്പം പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടിരിക്കുന്നത്.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മാതൃഭൂമി അഭിമുഖത്തിലെ ജനതാപാര്‍ട്ടിയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹം തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.

സി.പി.ഐ.എം ആര്‍.എസ്.എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചരിത്രത്തെ ചരിത്രമായി കാണാന്‍ പഠിക്കണമെന്നും യു.ഡി.എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണെന്നും 1980ല്‍ ജനതാപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഇ.എം.എസ്. തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: vd satheesan shared the stage with the BJP leader

We use cookies to give you the best possible experience. Learn more