| Thursday, 25th September 2025, 6:52 am

ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തുടരും; പദവിയില്‍ ഇത് മൂന്നാംവട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ തുടരും. ഇത് മൂന്നാംവട്ടമാണ് ഡി. രാജ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. പ്രായപരിധിയില്‍ രാജയ്ക്ക് മാത്രം ഇളവ് നല്‍കുകയായിരുന്നു. ഇന്നലെ (ബുധൻ) നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായ ഡി. രാജ 2019 മുതല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. രാജ്യത്തെ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃപദവിയിലെത്തിയ ദളിത് നേതാവുമാണ് അദ്ദേഹം.

അതേസമയം സി.പി.ഐ കേരള ഘടകത്തിന്റെ അഭിപ്രായം അവഗണിച്ചാണ് ഡി. രാജയ്ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കിയത്. പ്രായപരിധി 75 എന്ന നിബന്ധന കര്‍ശനമാക്കണമെന്ന നിലപാടില്‍ കേരള ഘടകം ഉറച്ചുനിന്നെങ്കിലും അവസാനം അയയുകയായിരുന്നു.

ഡി.രാജ സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെ തെലങ്കാനയും ആന്ധ്രാപ്രദേശും നിശിതമായി എതിര്‍ത്തിരുന്നു. സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ദേശീയ നേതൃത്വം പരാജയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുസംസ്ഥാന നേതൃത്വവും അതൃപ്തി അറിയിച്ചത്.

ഒരാള്‍ക്ക് മാത്രമായി പ്രായത്തിന്റെ ഇളവ് നല്‍കരുതെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഉത്തര്‍പ്രദേശ്, ബീഹാര്‍ നേതൃത്വങ്ങള്‍ ഡി. രാജയ്ക്ക് വേണ്ടി വാദിച്ചു. ബീഹാര്‍ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡെയാണ് രാജയ്ക്ക് പിന്തുണ അറിയിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി.ഐ നേതാവാണ് ദുരൈസ്വാമി രാജ എന്ന ഡി. രാജ. വെല്ലൂരാണ് സ്വദേശം. 1994 മുതല്‍ 2019 വരെ പാര്‍ട്ടി നാഷണല്‍ സെക്രട്ടറിയായിരുന്ന രാജ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു.

വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് ഡി. രാജ രാഷ്ട്രീയത്തില്‍ സജീവക്കുന്നത്. 1975 മുതല്‍ 1980 വരെ സി.പി.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 1990 വരെ ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ ദേശീയ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയുമായി.

2007, 2013 വര്‍ഷങ്ങളിലാണ് രാജ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളി സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് പങ്കാളി

Content Highlight: D. Raja will continue as CPI General Secretary

We use cookies to give you the best possible experience. Learn more