ബെംഗളൂരൂ: ആര്‍.എസ്.എസ് ഔഗ്യോഗിക ഗാനമായ ഗണഗീതം നിയമസഭയില്‍ പാടി കര്‍ണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍. 73 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി.
ആര്‍.സി.ബിയുടെ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജൂണ്‍ നാലിന് 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇന്നലെ (വെള്ളി)യാണ് ആര്‍.എസ്.എസിന്റെ ഗാനമായ നമസ്തേ സദാ വത്സലേയുടെ ആദ്യ ഖണ്ഡം ശിവകുമാര്‍ ആലപിച്ചത്.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിനെതിരെ ശിവകുമാര്‍ തിരിച്ചടിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ശിവകുമാറിന്റെ പ്രകടനത്തെ പ്രതിപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ കയ്യടിച്ചാണ് വരവേറ്റത്. ഈ വരികള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബി.ജെ.പി നിയമസഭാംഗം വി. സുനില്‍ കുമാര്‍ പരിഹസിച്ചു. എന്നാല്‍, ഭരണപക്ഷത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പൂര്‍ണമായും നിശബ്ദമായി.
വീഡിയോ പങ്കുവെച്ച ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ഡി.കെ ശിവകുമാര്‍ ഇന്നലെ കര്‍ണാടക നിയമസഭയില്‍ ആര്‍.എസ്. എസ് ഗാനം ആലപിക്കുന്നത് കണ്ടു. രാഹുല്‍ ഗാന്ധിയും ഗാന്ധി കുടുംബത്തിന്റെ അടുത്ത സഹായികളും ഇപ്പോള്‍ ഐ.സി.യു/കോമ മോഡിലാണെന്ന് പരിഹസിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ആര്‍.എസ്.എസിനെക്കുറിച്ച് സംസാരിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചതിനെക്കുറിച്ചും ഭണ്ഡാരി പരാമര്‍ശിച്ചു. കൂടാതെ, വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ നിന്ന് ആര്‍.എസ്.എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ ആര്‍.എസ്.എസിനെ പ്രശംസിക്കുന്നു. കോണ്‍ഗ്രസിലെ ആരും – തരൂര്‍ മുതല്‍ ഡി. കെ ശിവകുമാര്‍ വരെ – രാഹുലിനെ ഗൗരവമായി എടുക്കുന്നില്ല’ പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
എന്നാല്‍, വീഡിയോ വിവാദമായതോടെ താന്‍ ജനിച്ചതുമുതല്‍ കോണ്‍ഗ്രസ് ആണെന്നും ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിലായിരിക്കുമെന്നും പറഞ്ഞ ശിവകുമാര്‍, ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ പദ്ധതിയില്ലെന്നും പറഞ്ഞു.
താന്‍ കോണ്‍ഗ്രസിനെ നയിക്കുമെന്നും കര്‍ണാടകയില്‍ ആര്‍.എസ്.എസ് എങ്ങനെയാണ് സ്ഥാപനങ്ങൾ നിർമിക്കുന്നതെന്ന് അറിയാം. ഒരു നേതാവെന്ന നിലയില്‍, തന്റെ എതിരാളികള്‍ ആരാണെന്നും സുഹൃത്തുക്കള്‍ ആരാണെന്നും അറിയണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ, പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ ശിവകുമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ നിരവധി വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
Content Highlight: D.K Shivakumar Sings R.S.S Anthem In Karnataka Assembly