| Tuesday, 10th November 2026, 10:57 pm

രക്ഷപ്പെടുത്താന്‍ വന്നവരെ പുറത്താക്കി, ഈ ജന്മത്ത് ഡി.സി ഗതിപിടിക്കില്ലെന്ന് ആരാധകര്‍

അമര്‍നാഥ് എം.

മാര്‍വലിനെപ്പോലെ കോമിക് രംഗത്ത് ശക്തരായി നില്‍ക്കുന്ന ഫ്രാഞ്ചൈസിയാണ് ഡി.സി. സൂപ്പര്‍ഹീറോകളുടെ എണ്ണത്തിലും ക്യാരക്ടര്‍ ഡെപ്തിലും മാര്‍വലിനെക്കാള്‍ ഒരുപടി മുകളിലാണെങ്കിലും സിനിമയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. ഒരുവശത്ത് മാര്‍വല്‍ തങ്ങളുടെ സിനിമകളിലൂടെ കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ക്കുമ്പോള്‍ ഓരോ സിനിമയിലും ബജറ്റ് തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുകയാണ് ഡി.സി സ്റ്റുഡിയോസ്.

സമീപകാലത്ത് ഡി.സി ഒരുക്കിയ സിനിമകള്‍ പലതും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. എന്നാല്‍ അവസാനം റിലീസ് ചെയ്ത മൂന്നില്‍ രണ്ട് സിനിമകള്‍ പ്രേക്ഷകരെയും നിരൂപകരെയും തൃപ്തിപ്പെടുത്തി. മാര്‍വലില്‍ നിന്ന് ജയിംസ് ഗണ്‍ ഡി.സിയിലേക്ക് എത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ജയിംസ് ഗണ്ണിനെയും പീറ്റര്‍ സര്‍ഫ്രാനെയും ഡി.സിയുടെ കോ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാക്ക് ടു ബാക്ക് ഫ്‌ളോപ്പ് നേരിട്ട സ്റ്റുഡിയോയെ കഷ്ടപ്പെട്ട് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജയിംസ് ഗണ്ണിനെ ഡി.സി പുറത്താക്കിയത്.

കരകയറ്റാന്‍ വന്നവരെ തന്നെ പുറത്താക്കിയതോടെ കടുത്ത ആരാധകര്‍ പോലും ഡി.സിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തകാലത്താണ് ചെറുതായെങ്കിലും പ്രതീക്ഷ വന്നതെന്നും അത് ഇപ്പോള്‍ ഇല്ലാതായെന്നുമാണ് വിമര്‍ശനം. ഇങ്ങനെ പോയാല്‍ അടുത്ത കാലത്തൊന്നും ഡി.സി ഗതി പിടിക്കില്ലെന്നും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും കമന്റുകളുണ്ട്.

എന്നാല്‍ ഇതിനിടയില്‍ സ്‌നൈഡര്‍ ഫാന്‍സ് കിട്ടിയ അവസരം മുതലാക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധ നേടുന്നുണ്ട്. സാക്ക് സ്‌നൈഡറെ തിരിച്ചുകൊണ്ട് വന്നാല്‍ രക്ഷപ്പെടുമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ സനൈഡറിന്റെ തിരിച്ചുവരവില്‍ ഡി.സി പഴയ ഇരുട്ട് യുഗത്തിലേക്ക് പോകുമെന്നാണ് ആരാധാകരുടെ തഗ് മറുപടി.

എല്ലാ സൂപ്പര്‍ഹീറോകള്‍ക്കും റീബൂട്ട് ജെയിംസ് ഗണ്ണിന്റെ മനസില്‍ ഉണ്ടായിരുന്നെന്നും അതെല്ലാം ഇപ്പോള്‍ ഒന്നുമല്ലാതായെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ജെയിംസ് ഗണ്ണിനെ പുറത്താക്കിയതിനെ പിന്തുണക്കുന്നവരുമുണ്ട്. സൂപ്പര്‍മാന്‍, സൂപ്പര്‍ ഗേള്‍ എന്നീ സിനിമകളെ ഉദാഹരണമാക്കിയാണ് ഇക്കൂട്ടരുടെ കമന്റുകള്‍.

ഡി.സിയുടെ അടുത്ത പ്രതീക്ഷയുള്ള ഒരേയൊരു ചിത്രം ബാറ്റ്മാന്‍ 2 ആണ്. 2022ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്റെ രണ്ടാം ഭാഗത്തിന് ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. മാറ്റ് റീവ്‌സിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തും.

Content Highlight: D C Fans expresses their frustration after James Gunn’s retirement from Stuido

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more