| Friday, 3rd May 2019, 1:14 pm

ഭഗവാന്‍ ജഗന്നാഥനെ വിളിച്ച് പ്രാര്‍ത്ഥിക്കൂ: ഫോനി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗം നിര്‍ദേശിച്ച് ബി.ജെ.പി നേതാവ് സംപിത് പത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരി(ഒഡീഷ): ചുഴലിക്കാറ്റായ ഫോനി ഒഡീഷ തീരത്ത് ആഞ്ഞടിക്കുമ്പോള്‍ ഭഗവാന്‍ ജഗന്നാഥനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ഒഡീഷയിലെ ബി.ജെ.പി നേതാവും പുരിയിലെ സ്ഥാനാര്‍ത്ഥിയുമായ സംപിത് പത്ര.

ഒഡീഷയിലെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും തങ്ങള്‍ ചെയ്തുകഴിഞ്ഞെന്നും ഇനിയെല്ലാം ഭഗവാന്‍ ജഗന്നാഥന്റെ കൈകളിലാണെന്നുമായിരുന്നു സംപിത് പത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ ട്വീറ്റുമായി ഇദ്ദേഹം എത്തി.

” ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങേയറ്റത്തെ വേഗതിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴയും.. അതിഭീകരമായ ശബ്ദവും.. 1999 ലെ സൂപ്രര്‍ സൈക്ലോണാണ് ഓര്‍മ വരുന്നത്. ഈ പരീക്ഷണത്തെ അതിജീവിക്കാന്‍ ശക്തിതരണേയെന്ന് ഇരുകൈകളും കൂപ്പി ഭഗവാന്‍ ജഗന്നാഥനോട് പ്രാര്‍ത്ഥിക്കുകയാണ്.”- എന്നായിരുന്നു സംപിത് പത്ര ട്വിറ്ററില്‍ കുറിച്ചത്.

എല്ലാം കാറ്റില്‍ പറന്നുനടക്കുകയാണെന്നും കാറ്റിന്റെ ശബ്ദം കൊണ്ട് മറ്റൊന്നും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സംപിത് പത്ര തൊട്ടുമുന്‍പെ ട്വിറ്ററില്‍ കുറിച്ചിരുന്നു. എല്ലാ ജനാലകളും പൊട്ടിത്തകരുകയാണെന്നും കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിനകത്ത് നില്‍ക്കുന്ന താന്‍ പോലും സുരക്ഷിതനല്ലെന്നും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നുമായിരുന്നു സംപിത് പത്ര ട്വീറ്റ് ചെയ്തത്.

ഒഡിഷ തീരത്ത് ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചത് മണിക്കൂറില്‍ 240-245 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഭുവനേശ്വറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്ററായി ഉയര്‍ന്നു. ഇപ്പോള്‍ കാറ്റ് ബംഗാള്‍ ഭാഗത്തേക്കു നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒഡിഷ തീരത്ത് രാവിലെ ഒമ്പത് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു. ഒഡിഷയിലെ ആയിരത്തോളം ഗ്രാമങ്ങളെയും 54 നഗരങ്ങളെയുമാണു കാറ്റ് ബാധിച്ചത്.

ഒഡിഷയ്ക്കു പുറമേ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേതന്നെ ഒഡിഷയിലെ 15 ജില്ലകളില്‍ നിന്നായി 12 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

ഒഡിഷയില്‍ 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 12 ലക്ഷത്തോളം പേരെയാണ് വീടുകളില്‍ നിന്നുമാറ്റി അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തരപ്രതികരണ സേനയുടെ 78 സംഘങ്ങളെയും സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more