വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച യുവതിയുടെ ജോലി പോയി. ഒക്ടോബര്‍ 28ന് സൈക്കിളില്‍ പോകുമ്പോഴാണ് ഡെമോക്രാറ്റ് അനുകൂലിയായ ജൂലി ബ്രിസ്‌ക്മാന്‍ വിരല്‍പൊക്കി പ്രതിഷേധിച്ചത്.
സ്റ്റെര്‍ലിങ്ങിലുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും ട്രംപ് പോകുമ്പോഴായിരുന്നു സംഭവം. യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. സംഭവം ഉടനടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറഞ്ഞിരുന്നു.
ഫോട്ടോ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കുകയും ട്വിറ്റര്‍ പേജില്‍ ജൂലി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതോടെയാണ് യു.എസ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കരാര്‍ പണികളെടുക്കുന്ന അകിമ എല്‍.എല്‍.സിയിലെ തന്റെ ജോലി ജൂലിക്ക് നഷ്ടമായത്.