| Wednesday, 25th November 2026, 10:24 am

ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: ഷാഫി പറമ്പിലിനെ തള്ളിപ്പറയുകയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പിന്തുണ നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ രൂക്ഷമായ സൈബർ ആക്രമണം.

ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അധിക്ഷേപങ്ങൾ ഉയരുന്നത്.

ദൃശ്യമാധ്യമങ്ങൾക്ക് ഇവർ നൽകിയ അഭിമുഖങ്ങളുടെയും വാർത്തകളുടെയും സാമൂഹ്യ മാധ്യമ പേജുകൾക്ക് താഴെയാണ് അധിക്ഷേപകരമായ കമന്റുകൾ നിറയുന്നത്. കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി കാണുന്ന ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെ കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ നിന്നുതന്നെ ആക്രമണമുണ്ടാകുന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ടെന്ന് റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഭിന്നതകൾക്ക് പിന്നാലെ വിവിധ ഗ്രൂപ്പുകളിലെ സൈബർ പോരാളികൾ തമ്മിലുള്ള പോർവിളി രൂക്ഷമായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറമെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.സി. വേണുഗോപാൽ, ജെ.എസ്. അഖിൽ എന്നിവർക്കെതിരെയും സൈബർ ഇടങ്ങളിൽ വിമർശനങ്ങളും ആക്രമണങ്ങളും തുടരുകയാണ്. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിൽ പക്ഷമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെയുള്ള സൈബർ ആക്രമണം പരിധി വിട്ടതോടെ, പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെടാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.

Content Highlight:Cyberattack against Oommen Chandy’s family following their disavowal of Shafi Parambil.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more