| Wednesday, 17th December 2025, 9:36 pm

മതവികാരം വ്രണപ്പെടുത്തി; 'പോറ്റിയേ' ഗാനത്തിനെതിരെ പൊലീസ് കേസെടുത്തു; അണിയറ പ്രവര്‍ത്തകര്‍ പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാരഡി ഗാനം പോറ്റിയേ കേറ്റിയേയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവന്തപുരം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. ജി.പി. കുഞ്ഞബ്ദുള്ള, ഡാനിഷ്, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികൾ.

നേരത്തെ, സൈബര്‍ ഓപ്പറേഷന്‍സ് സംഭവത്തില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ഗാനമായിരുന്നു ‘പോറ്റിയേ കേറ്റിയേ’. പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡിയാണ് ‘പോറ്റിയേ കേറ്റിയേ’.

ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ നിന്നാണ് അയ്യപ്പഭക്തി ഗാനത്തിന്റെ പാരഡിയായ ‘പോറ്റിയെ കേറ്റിയെ’ പിറന്നത്. ശബരിമല സ്വര്‍ണപാളി വിഷയത്തിലാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.

ഖത്തറില്‍ വെച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുക്കുകയും പിന്നീട് ഡാനിഷ് എന്ന ഗായകന്‍ ഇത് ആലപിക്കുകയുമായിരുന്നു.

സി.എം.എസ് മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പാരഡി ഗാനം പുറത്തിറക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേദികളിലെല്ലാം പ്രതിപക്ഷം ഈ ഗാനം പ്രചാരണ ആയുധമാക്കിയത്. നാസര്‍ കൂട്ടിലങ്ങാടിയാണ് പാട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വമടക്കം ഈ പാരഡി ഗാനമേറ്റെടുത്തതോടെ വലിയ ചര്‍ച്ചകളും ഉയര്‍ന്നു. യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഈ ഗാനം ആലപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ശബരിമല ക്ഷേത്രത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും മതനിന്ദയാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് പാരഡി ഗാനത്തിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചു.

അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കുന്നതെന്ന് സി.പി.ഐ.എംപത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചുിരുന്നു. സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് ഈ പാട്ടിലൂടെ നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Content Highlight: Charges of hurting religious sentiments will remain; Police register case against ‘Potiye Ketiye’ parody song

We use cookies to give you the best possible experience. Learn more