| Tuesday, 16th September 2025, 12:54 pm

സൈബര്‍ ആക്രമണം എന്നെ ബാധിക്കില്ല; കുട്ടികള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുള്ള കാര്യം: എം.ലീലാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എഴുത്തുക്കാരി ഡോ. എം.ലീലാവതി. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനെ തുടര്‍ന്നാണ് ലീലാവതി സൈബര്‍ അതിക്രമണം നേരിടേണ്ടി വന്നത്. ആളുകള്‍ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഒന്നും ഇല്ലെന്നും അത് തന്നെ ബാധിക്കാറില്ലെന്നും അവര്‍ പറഞ്ഞു.

കുഞ്ഞുങ്ങള്‍ക്ക് ജാതി, മതം, വര്‍ണ്ണം ഒന്നും ഇല്ലെന്നും കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണെന്നും ലീലാവതി പറഞ്ഞു. അവര്‍ക്ക് വിശക്കുന്നത് തനിക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും കുട്ടികള്‍ വിശന്നു കരയുന്നത് തനിക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ലെന്നും എം.ലീലാവതി കൂട്ടിച്ചേര്‍ത്തു.

‘വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. തന്റെ 98ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ പ്രസ്താവന. ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’എന്നും അവര്‍ പറഞ്ഞിരുന്നു.

ഗസയില്‍ മാത്രമല്ല കുഞ്ഞുങ്ങള്‍ മരിക്കുന്നത്, ലോകത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ മരണപ്പെടുന്നുണ്ട്. അപ്പോള്‍ എല്ലാം നിങ്ങളെ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ത്തിയായിരുന്നു സൈബര്‍ ആക്രമണം.

‘പ്രായം കൂടിയെന്നേ ഉള്ളു… വകതിരിവില്ല, അതുകൊണ്ട് എന്ത് കിളവി ഇപ്പോള്‍ മൂന്ന് നേരവും പട്ടിണിയിലാ, പോകുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടട്ടെ’ തുടങ്ങിയ അധിക്ഷേപ കമന്റുകളാണ് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ ലീലാവതിക്കെതിരായ സൈബറാക്രമണത്തില്‍ അപലപിച്ച് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Content highlight:  Cyber ​​attacks don’t affect me; I’m worried about children going hungry: M. Leelavathi

We use cookies to give you the best possible experience. Learn more