| Monday, 12th May 2025, 7:21 pm

വിക്രം മിസ്രിക്കെതിരായ സൈബറാക്രമണം; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബറാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. സൈബര്‍ ആക്രമണത്തില്‍ അടിയന്തിരമായി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജോണ്‍ ബ്രിട്ടാസ് കത്തയച്ചു.

ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ വിക്രം മിസ്രിക്കെതിരെ തുടരുന്ന സൈബര്‍ അറ്റാക്കിലാണ് ജോണ്‍ ബ്രിട്ടാസ് അന്വേഷണം ആവശ്യപ്പെട്ടത്.

രാജ്യം ഭരിക്കുന്ന സര്‍ക്കാറിന്റെ ആവശ്യപ്രകാരം, നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് വിക്രം മിസ്രി കഴിഞ്ഞ ദിവസങ്ങളിലെ പത്രസമ്മേളനങ്ങളില്‍ പറഞ്ഞിട്ടുള്ളതെന്ന് ജോണ്‍ ബ്രിട്ടാസ് പറയുന്നു.

എന്നാല്‍ ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ തീരുമാനം വന്നതോടെ വിദേശകാര്യ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ സംഘടിതമായ സൈബര്‍ ആക്രമണമാണ് നടന്നത്. സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ട് പൂട്ടിവെക്കേണ്ട സാഹചര്യമാണ് സംജാതമായതെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഭരണനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തേയും മനോവീര്യത്തെയും തകര്‍ക്കുന്ന രീതിയിലുള്ള ആക്രമണമായിരുന്നു അത്. ഇത്തരം വേട്ടയാടലുകള്‍ക്ക് ഉദ്യോഗസ്ഥര്‍ ഇരയായാല്‍ അതിന്റെ ഭവിഷത്ത് അത്യന്തം ഗുരുതരമായിരിക്കുമെന്നും എം.പി പറഞ്ഞു.

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. മിസ്രിയുടെ കുട്ടികളെ പോലും വിഷലിപ്തമായ കമന്ററിയുടെ ചെളിക്കുണ്ടിലേക്ക് വലിച്ചിഴച്ചത് വളരെ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണസംവിധാനം യഥാവിധി അംഗീകരിച്ച നയങ്ങളുടെയും തീരുമാനങ്ങളുടെയും പേരില്‍ വിക്രം മിസ്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് സങ്കടകരമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമെടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ക്കായി ഒരു സിവില്‍ സര്‍വീസുകാരനെ ബലിയാടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ ആശങ്കാജനകമാണെന്നും ജോണ്‍ ബ്രിട്ടാസ് കത്തില്‍ പറയുന്നു.

Vikram Misri

അതേസമയം കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വിക്രം മിസ്രി തന്റെ എക്‌സ് അക്കൗണ്ടിന്റെ കമന്റ് ബോക്‌സ് ലോക്ക് ചെയ്തിരിക്കുകയാണ്. ഉഭയസമ്മത പ്രകാരം സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചതാണ് ഒരുകൂട്ടം ആളുകളെ പ്രകോപിപ്പിച്ചത്.

പിന്നാലെ വിദേശകാര്യ സെക്രട്ടറിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള ട്രോളുകള്‍ തികച്ചും വെറുപ്പുളവാക്കുന്നതാണെന്ന് യു.എ.ഇ, ഈജിപ്ത് മുന്‍ ഇന്ത്യന്‍ അംബാസിഡറും ഓസ്‌ട്രേലിയയിലെ ഹൈക്കമ്മീഷണറുമായ നവ്ദീപ് സൂരി ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.

Content Highlight: Cyber ​​attack against Vikram Misri; John Brittas writes to Home Minister Amit shah demanding investigation

We use cookies to give you the best possible experience. Learn more