വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമായി മാറിയിരിക്കുകയാണ് തമിഴ് ചിത്രം പരാശക്തി. ശിവകാര്‍ത്തികേയനെ നായകനാക്കി സുധാ കൊങ്കര ഒരുക്കിയ ചിത്രം 100 കോടി നേടിയെങ്കിലും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമായി മാറി. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച.
പ്രധാന താരങ്ങളായ ശിവകാര്‍ത്തികേയന്‍, അഥര്‍വ, രവി മോഹന്‍ എന്നിവരോടൊപ്പം സുധാ കൊങ്കര സംസാരിക്കുന്നതിന്റെ വീഡിയോ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. അഥര്‍വയും രവി മോഹനും സ്‌ക്രിപ്റ്റ് വായിക്കാറുണ്ടെന്നും എന്നാല്‍ ശിവകാര്‍ത്തികേയന്‍ സ്‌ക്രിപ്റ്റ് വായിക്കാറില്ലെന്നും സുധാ കൊങ്കര പറഞ്ഞു. എന്നാല്‍ ഓണ്‍ ദി സ്‌പോട്ടില്‍ ശിവകാര്‍ത്തികേയന്‍ അതിന് മറുപടി നല്‍കുകയും ചെയ്തു.
‘സെറ്റില്‍ എല്ലായ്‌പ്പോഴും വൈബായി നിന്നോട്ടെ എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. അമരന്‍, മദിരാശി എന്നീ സിനിമകളിലെല്ലാം ഞാന്‍ സ്‌ക്രിപ്റ്റ് നല്ലവണ്ണം വായിച്ചിട്ടാണ് അഭിനയിച്ചത്. ഈ സിനിമക്ക് വേണ്ടിയും നല്ലവണ്ണം ഹോംവര്‍ക്ക് ചെയ്തിട്ടുണ്ട്. എന്തോ, സ്‌ക്രിപ്റ്റ് റീഡിങ് കണ്ടുപിടിച്ചത് നിങ്ങളാണെന്ന രീതിക്ക് സംസാരിക്കുകയാണല്ലോ’ എന്നായിരുന്നു ശിവ തമാശരൂപത്തില്‍ സുധാ കൊങ്കരക്ക് നല്‍കിയ മറുപടി.
ശിവയുടെ മറുപടി വളരെ വേഗത്തില്‍ വൈറലായി. സുധാ കൊങ്കരയുടെ പെരുമാറ്റം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയാണ്. താന്‍ വലിയ സംഭവമാണെന്ന ഏലീറ്റിസ്റ്റ് ചിന്താഗതിയാണ് സുധാ കൊങ്കരക്കെന്ന് പലരും അഭിപ്രായപ്പെടുന്നു. സൂരറൈ പോട്രിന്റെ സമയത്ത് സൂര്യ എങ്ങനെയാണ് സുധയെ സഹിച്ചതെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ അണിയറപ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. ഇലയില്‍ സദ്യ കഴിക്കുന്ന സമയത്ത് സ്പൂണ്‍ ഉപയോഗിച്ച് സുധാ കൊങ്കര കഴിക്കുന്നതും പലരും ട്രോളുന്നുണ്ട്. പരാശക്തിക്ക് ലഭിച്ച നെഗറ്റീവ് റിവ്യൂകളെയെല്ലാം സുധ നേരിട്ട രീതിയും വിമര്‍ശിക്കപ്പെടുന്നുണ്ടായിരുന്നു.
അനാവശ്യമായ ഹേറ്റ് ക്യാമ്പയിനാണ് പരാശക്തിക്ക് നേരെ വരുന്നതെന്നും ഒരു പ്രത്യേക നടന്റെ ആരാധകര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നുമായിരുന്നു സംവിധായിക പ്രതികരിച്ചത്. ലോകേഷ് കനകരാജിന് ശേഷം അനാവശ്യമായ സൈബര്‍ ആക്രമണം നേരിടുന്ന ഡയറക്ടറായി സുധാ കൊങ്കര മാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Cyber attack against Sudha Kongara after the behind the scene video of Parasakthi viral