| Friday, 6th March 2026, 7:49 pm

സൂര്യയുടെ പിഴവ് മറയ്ക്കാന്‍ ബലിയാടായത് ദുബെ...വിമര്‍ശിക്കുന്നവര്‍ മറക്കുന്ന റണ്‍ മെഷീന്‍

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയിച്ച് കയറിയത്. ക്രിക്കറ്റ് ലോകത്തെ സമ്മര്‍ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ്.

ഡെത്ത് ഓവറില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹര്‍ദിക്കും പരമാവധിയില്‍ ബൗള്‍ചെയ്ത് ആശ്വാസം നല്‍കിയപ്പോഴും ചോദ്യ ചിഹ്നമായത് നിര്‍ണായകമായ അവസാന ഓവറായിരുന്നു. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന രണ്ട് ബൗളിങ് ഓപ്ഷന്‍ അക്‌സര്‍ പട്ടേലും ശിവം ദുബെയുമായിരുന്നു.

ക്യാപ്റ്റന്‍ ദുബെയ്‌ക്കൊപ്പമാണ് പോയത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കാമിയോ ബൗളറായി ശിവം പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അവസാന ആറ് പന്തില്‍ 30 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് എന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയും നല്‍കി.

ആദ്യ പന്തില്‍ വെടിക്കെട്ട് വീരന്‍ ജേക്കബ് ബഥേലിനെ റണ്‍ ഔട്ടില്‍ കുരുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം പന്തിലും മൂന്നാം പന്തിലും സിംഗിള്‍ നല്‍കി. എന്നാല്‍ ക്രീസിലെത്തിയ ആര്‍ച്ചറിനെതിരെ ശിവം എറിഞ്ഞ മൂന്ന് പന്തുകളില്‍ ഒരു വൈഡ് ഉള്‍പ്പെടെ മൂന്ന് സിക്‌സറും ദുബെ വഴങ്ങി. 22 റണ്‍സായിരുന്നു ദുബെയില്‍ നിന്ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ശിവം ദുബെ, സൂര്യകുമാര്‍ യാദവ് – Photo: News18

നിര്‍ണായകമായ സെമിയില്‍ ഇന്ത്യ വിജയിക്കുമ്പോളും ഫൈനലിലെത്തുമ്പോളും ശിവം എറിഞ്ഞ അവസാന ഓവര്‍ ആരാധകരില്‍ നിരാശയാണ് നല്‍കിയത്. വലിയ മാര്‍ജിനില്‍ വിജയിക്കേണ്ടിയിരുന്ന മത്സരം ഏഴ് റണ്‍സിന്റെ വിജയത്തിലെത്തിച്ചതില്‍ ദുബെയെ സൈബര്‍ ലോകം ക്രൂരമായി വിചാരണ ചെയ്തിരിക്കുകയാണ്.

‘വന്നവനും പോയവനും സിക്‌സര്‍ അടിക്കുന്നതിനാലാണോ ഇവനെ (ദുബെയെ) ആറ് ചാമി എന്ന് വിളിക്കുന്നത്’, ‘ഇനി ബോള്‍ കൈകൊണ്ട് തൊടരുത്’ എന്ന് തുടങ്ങുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ദുബെ എറിഞ്ഞ അവസാന ഓവറിന്റെ പ്രസക്തിയെ പറഞ്ഞ് താരത്തിന് പിന്തുണയായും ആരാധകര്‍ രംഗത്തിറങ്ങി.

‘ബാറ്റിങ്ങില്‍ അടിച്ചെടുത്തത് ഓര്‍ക്കുന്നുണ്ടോ? ദുബെ ചോദിച്ചു വാങ്ങിയ ഓവര്‍ ഒന്നുമല്ലല്ലോ. വേറെ ആരും എറിയാന്‍ ഇല്ലാത്തത് ടീം മാനേജ്‌മെന്റിന്റെ കുഴപ്പമാണ്’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

ശിവം ദുബെ ബൗളിങ് പരിശീലനത്തിനിടയില്‍- Photo: India Today

കമന്റ് ബോക്‌സില്‍ ഒരു ആരാധകന്‍ പറഞ്ഞ ഇക്കാര്യം പ്രസക്തവുമാണ്. അക്‌സര്‍ പട്ടേലിന് ഒരു ഓവര്‍ ബാക്കിവെച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ ഫൈനല്‍ ഓവറില്‍ ദുബെയ്ക്ക് പന്ത് നല്‍കിയത്.

ആ ഓവറില്‍ സ്പിന്നറായ പട്ടേലിന് പന്ത് കൈമാറുന്നതിലെ റിസ്‌ക് മനസിലാകുമെങ്കിലും പവര്‍ പ്ലേയ്ക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും പട്ടേലിനെ കൊണ്ടുവരാമായിരുന്നു.

ഇന്ത്യന്‍ ടീം – Photo: BCCI

ക്യാപ്റ്റന്‍സിയിലെ പിഴവ് പരിശേധിക്കുമ്പോള്‍ മറ്റൊരു കാര്യവും എടുത്ത് പറയേണ്ടതുണ്ട്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആകുമെന്ന് പ്രതീക്ഷിച്ച നിര്‍ഭാഗ്യവാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മോശം പ്രകടനമാണ് ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളയിട്ടതില്‍ പ്രധാനം.

നാല് ഓവറില്‍ 64 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. 16.00 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. നിരന്തരം അടികിട്ടിക്കൊണ്ടിരുന്നത് കാണാമായിരുന്നിട്ടും വരുണിനെ ഫുള്‍ ക്വാട്ടയും എറിയിച്ച് തീര്‍ത്ത സൂര്യയുടെ മനോവികാരം എന്താണെന്ന് മനസിലാകുന്നില്ല.

എങ്കിലും ബാറ്റിങ് ഓള്‍റൗണ്ടര്‍ എന്ന നിലിയില്‍ ദുബെ ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ ഒട്ടും ചെറുതല്ല. ബാറ്റിങ് തകര്‍ച്ചയില്‍ മധ്യനിര ബാറ്ററായി ഇറങ്ങി കൂറ്റന്‍ സിക്‌സറുകള്‍ അടിച്ച് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്ന ദുബെ സെമിയിലും മികച്ച ഇന്നിങ്‌സ് കളിച്ചാണ് പുറത്തായത്. 25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി റണ്‍ ഔട്ട് ആവുകയായിരുന്നു താരം. കളിച്ച ഏഴ് ഇന്നിങ്‌സില്‍ നിന്ന് 34.83 എന്ന ആവറേജില്‍ 209 റണ്‍സാണ് ദുബെ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഏത് സമ്മര്‍ദ ഘട്ടത്തിലും ഒരു റണ്‍ മെഷീനായി പൊരുതുന്ന ദുബെ ടീമിന്റെ നട്ടെല്ലാണെന്ന് പറയാതെ വയ്യ.

എന്തൊക്കെ പറഞ്ഞാലും തെറ്റുകളും ശരികളും നിറഞ്ഞ ഒരു മികച്ച ടീം ഗെയ്മാണ് ഇന്ത്യ സെമിയില്‍ കാഴ്ച്ചവെച്ചത്. കളത്തിലിറങ്ങിയ താരങ്ങള്‍ ഓരോരുത്തരും തങ്ങളുടെ ഭാഗം കൃത്യമായി നിര്‍വഹിച്ചുകൊണ്ട് ഇന്ത്യയെ ഫൈനലിലെത്തിച്ചു. മാലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായിരുന്നു.

അതേസമയം, തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തിയ ആദ്യ ടീമന്നെ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Content Highlight: Cyber ​​attack against Shivam Dubey despite his good performance for India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more