| Thursday, 21st August 2025, 6:38 pm

യുവനേതാവിനെതിരെ ലൈംഗികാധിക്ഷേപ ആരോപണം; തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് നടി റിനി ആന്‍ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി യുവനേതാവിനെതിരെ ലൈംഗികാധിക്ഷേപ ആരോപണമുന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജ്.

കോണ്‍ഗ്രസ് അനുകൂല സൈബര്‍ പ്രൊഫൈലുകളില്‍ നിന്നുമാണ് ഇവര്‍ക്കെതിരെ അധിക്ഷേപങ്ങളുയരുന്നത്.

യുവനടിയെ വ്യക്തിപരമായും ലൈംഗികമായും അധിക്ഷേപിച്ച് പോസ്റ്റുകളും ക്രോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ പങ്കുവെക്കുന്നുണ്ട്. മന്ത്രിമാരായ പി. രാജീവ്, എം.ബി രാജേഷ്, ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ് അടക്കമുള്ള സി.പി.ഐ.എം നേതാക്കള്‍ക്കൊപ്പമുള്ള റിനി ആന്‍ ജോണിന്റെ ചിത്രമടക്കം പങ്കുവെച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുമാണ് ഇത്തരം പ്രൊഫൈലുകള്‍ അരിശം തീര്‍ക്കുന്നത്.

മുസ്‌ലിം ലീഗ് അനുകൂല സൈബര്‍ പ്രൊഫൈലുകളും യുവനടിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

‘തെരഞ്ഞെടുപ്പ് വന്നതോടെ സഖാക്കള്‍ പുതിയ സരിതയുമായി എത്തി’, ‘രണ്ടാം സരിത’, ‘സി.പി.ഐ.എം നൂലില്‍ കെട്ടിയിറക്കിയ ഹണി ട്രാപ്പുകാരി’ തുടങ്ങി കേട്ടാലറയ്ക്കുന്ന പരാമര്‍ശങ്ങള്‍ വരെ ഇവര്‍ക്കെതിരെ സൈബര്‍ കോണ്‍ഗ്രസുകാര്‍ നടത്തുന്നുണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. എഴുത്തുകാരിയായ ഹണി ഭാസ്‌കരനും ട്രാന്‍സ്വുമണ്‍ അവന്തിക അടക്കമുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവതിയോട് യുവതിയോട് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്ത്. നേരത്തെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ തെളിവും പുറത്തുവന്നിരുന്നു.

ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും എന്നാല്‍ മരുന്ന് കഴിച്ചാലുണ്ടാകാനിടയുള്ള അമിത രക്തസ്രാവം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് യുവതി പറയുന്നതായും ചാറ്റിലുണ്ട്. ശേഷം ചാറ്റിനിടെ യുവതിയോട് രാഹുല്‍ മരുന്ന് കഴിച്ചോ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുന്നുമുണ്ട്.

തുടക്കത്തില്‍ വാട്‌സ്ആപ്പ് മുഖേനയാണ് ഇരുവരും ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. പിന്നീട് യുവതിയോട് ടെലഗ്രാമിലേക്ക് വരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്നതായും ചാറ്റില്‍ കാണാം. തുടര്‍ന്ന് ടെലഗ്രാമിലൂടെയാണ് ഇരുവരും സന്ദേശങ്ങള്‍ അയച്ചത്.

ടെലഗ്രാമിലെ സന്ദേശങ്ങളിലാണ് രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനായി നിര്‍ബന്ധിക്കുന്നത്. ആദ്യം രാഹുലേട്ടന്‍ എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്ടിലേക്കാണ് യുവതി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നത്.

പിന്നീട് ടെലഗ്രാമിലൂടെ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഹു കെയേഴ്സ് എന്ന നിലപാടോട് കൂടി തന്നെയാണ് രാഹുല്‍ യുവതിയുമായി ചാറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, അഡ്വ. ഷിന്റോ സെബസ്റ്റിയന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗര്‍ഭഛിദ്രത്തിന് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചാണ് പരാതി.

Content Highlight: Cyber Attack against Rini Ann George

We use cookies to give you the best possible experience. Learn more