| Thursday, 15th January 2026, 7:35 pm

അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപം; ഫെന്നി നൈനാനെതിരെ കേസ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസ്.

പരാതിക്കാരിയുടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി. അതിജീവിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഫെന്നി നൈനാന്‍ പുറത്തുവിട്ടത്.

അതിജീവിതയുടെ മൊഴിയില്‍ ഫെന്നി നൈനാന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഫെന്നി നൈനാന്‍ പറഞ്ഞത് അനുസരിച്ച് രാഹുലിന്റെ അക്കൗണ്ടിലേക്ക് ഒന്നിലധികം തവണ പണം അയച്ചിട്ടുണ്ടെന്നായിരുന്നു പരാമര്‍ശം.

രാഹുലിനെതിരെ രണ്ടാമത് പരാതി നല്‍കിയ പെണ്‍കുട്ടിയും ഫെന്നി നൈനാനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നും തന്നെ അവിടെ എത്തിച്ചത് ഫെന്നി നൈനാന്‍ ആണെന്നുമായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.

ഇതിനുപിന്നാലെയാണ് മൂന്നാം കേസിലെ അതിജീവിതയെ കുറ്റക്കാരിയായി ചിത്രീകരിക്കും വിധം ഫെന്നി നൈനാന്‍ യുവതിയുമായുള്ള ചാറ്റുകള്‍ പുറത്തുവിട്ടത്.

രാഹുലിനെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ ചാറ്റാണ് ഫെന്നി നൈനാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. രാഹുലിനെ കണ്ട് കുറച്ചധികം സമയം സമാധാനപരമായി സംസാരിക്കണമെന്നാണ് യുവതി ചാറ്റില്‍ ആവശ്യപ്പെടുന്നത്. സേഫ് ആയിരിക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഇതിനെ വളച്ചൊടിക്കും വിധമാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ചാറ്റിനിടെ ഫെന്നി നൈനാന്‍ അയച്ചിരിക്കുന്ന ഒന്നിലധികം ഓഡിയോകളില്‍ എന്താണ് പറയുന്നതെന്ന് വ്യക്തമല്ല.

ഇക്കാര്യങ്ങള്‍ ഒന്നും മനസിലാക്കാതെയാണ്, ബലാത്സംഗം ചെയ്ത ഒരാളെ വീണ്ടും കാണണമെന്ന് അതിജീവിത ആവശ്യപ്പെട്ടതെന്ന് രാഹുലിന്റെ അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്നത്തോടെ അവസാനിച്ചു. നിലവില്‍ രാഹുലിനെ മാവേലിക്കര ജയിലില്‍ തിരികെ എത്തിച്ചിട്ടുണ്ട്.

അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാത്ത പശ്ചാത്തലത്തില്‍ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Content Highlight: Cyber ​​abuse against survivor; Case filed against Feni Nainan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more