മലയാളം സിനിമാ നടി, മോഡൽ, നർത്തകി എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഗ്രേസ് ആന്റണി. 2016ൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ചിത്രത്തിലെ ചെറിയ സീൻ ആണെങ്കിലും അതെല്ലാവരും ശ്രദ്ധിച്ചു.
ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിലായി ഫഹദ്, മമ്മൂട്ടി, നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ് എന്നിവരുടെ കൂടെ അഭിനയിക്കാൻ ഗ്രേസിന് സാധിച്ചു. ഇപ്പോൾ താൻ ആളുകളെ നിരീക്ഷിക്കാറുണ്ടെന്നും അവരുടെ മാനറിസങ്ങൾ താൻ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കാറുണ്ടെന്നും പറയുകയാണ് ഗ്രേസ്.
‘ആളുകളെ നിരീക്ഷിക്കാൻ ചെറുപ്പം മുതലേ എനിക്ക് വലിയ ഇഷ്ടമാണ്. ചുറ്റുപാടും കാണുന്നവരെ വീട്ടിൽവന്ന് അനുകരിച്ചുനോക്കാറുണ്ടായിരുന്നു. ചുറ്റും കണ്ണോടിച്ചാൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിക്കും. അങ്ങനെയാണല്ലോ കഥകളും സിനിമകളും നോവലുകളുമെല്ലാം പിറക്കുന്നത്. അങ്ങനെ പലപ്പോഴായി നിരീക്ഷിച്ച മനുഷ്യരെ, അവരുടെ മാനറിസങ്ങളെ എല്ലാം അനുയോജ്യമായ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഞാൻ അതിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. പ്രേക്ഷകർക്ക് എളുപ്പത്തിൽ അത്തരം കഥാപാത്രങ്ങളെ റിലേറ്റ് ചെയ്യാൻ പറ്റും,’ ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു.
അതിന് ഉദാഹരണമായി ഗ്രേസ് ആന്റണി പറഞ്ഞത് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രമാണ്. ചിത്രത്തിലെ സിമി എന്ന കഥാപാത്രം തന്നെക്കാൾ മുതിർന്ന സ്ത്രീയായിരുന്നു. ആ കഥാപാത്രം ചെയ്യുന്ന സമയത്ത് തന്റെ അമ്മ, ആന്റിമാർ എന്നിവരെയെല്ലാം നിരീക്ഷിച്ചാണ് മാനറിസങ്ങൾ രൂപപ്പെടുത്തിയതെന്നും ഗ്രേസ് ആന്റണി പറഞ്ഞു.
ഇതുവരെയും ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും വൈകാരികമായി തോന്നിയത് ഹലാൽ ലൗ സ്റ്റോറിയിലെ സുഹറ എന്ന കഥാപാത്രമാണെന്നും പതിയെ ആണ് ആ കഥാപാത്രത്തിലേക്ക് കയറിയതെന്നും ഗ്രേസ് പറയുന്നു.
Content Highlight: Will experiment with the mannerisms of those around me; will use them when I find suitable characters: Grace Antony