| Wednesday, 15th July 2020, 7:15 am

ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് പുലര്‍ച്ചെ രണ്ടേകാലുവരെ; നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍.

ചൊവ്വാഴ്ച വൈകിട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 5.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിനാണ്. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ പൂജപ്പുരയിലെ വീട്ടില്‍ തിരികെയെത്തിച്ചു.

നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കസ്റ്റംസിന് ലഭിച്ച് വിവരം.

കേസിലെ രണ്ടാംപ്രതിയായ സ്വപ്‌ന തന്റെ സഹപ്രവര്‍ത്തകയാണെന്നും സരിത് സുഹൃത്തുമാണെന്നും ശിവശങ്കര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ രേഖകള്‍ പുറത്തായത്. മാത്രമല്ല സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്നും അവരെ നാല് വര്‍ഷമായി പരിചയമുണ്ടെന്നും ശിവശങ്കര്‍ സമ്മതിച്ചു.

നേരത്തേ ശിവശങ്കര്‍ വാടകയ്കെടുത്ത ഫ്ളാറ്റിന് സമീപമുള്ള ഫ്ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.

ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്. അതേസമയം ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യംചെയ്തത്.

കേസില്‍ കഴിഞ്ഞദിവസം മൂന്ന് പേരെ കൂടി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടിയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ ഒരാള്‍ നേരത്തെ സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്.

നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതിയുടെ വാറന്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more