കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റംഗം പി. മോഹനന്റെ കസ്റ്റഡി കാലാവധി ജൂലായ് 11 വരെ നീട്ടി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
ഏഴു ദിവസമാണ് കോടതി ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇനി പരമാവധി ഏഴു ദിവസം കൂടി വാങ്ങാം. പി.കെ.കുഞ്ഞനന്തന്റെ കസ്റ്റഡിയും ശനിയാഴ്ച അവസാനിക്കും. ഇവരെ രണ്ട് പേരെയും ഒരുമിച്ച് നിര്‍ത്തി ചോദ്യം ചെയ്യേണ്ടതുണ്ട്.
എ.ഐ.ജി.യുടെയും നാല് ഡി.വൈ.എസ്.പി.മാരുടെയും നേതൃത്വത്തില്‍ ഇദ്ദേഹത്തെ മാറിമാറി ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍, ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ടി.പി വധത്തില്‍ ഉന്നതര്‍ക്കുള്ള പങ്കിലേക്ക് എത്താന്‍ മാത്രം ശക്തമല്ലെന്നാണ് അറിയുന്നത്. അതിന് ഇനിയും ചോദ്യം ചെയ്യേണ്ടിവരും. അതുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കി വീണ്ടും അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
പാര്‍ട്ടി തീരുമാനമനുസരിച്ചാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ആരാണ് ഈ പാര്‍ട്ടി തീരുമാനത്തിന് പിന്നിലെന്ന് അറിയാവുന്ന പ്രധാന കണ്ണി മോഹനന്‍ തന്നെയാണെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ ഇനി ലഭിക്കുന്ന ഇദ്ദേഹത്തിന്റെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകും.
കഴിഞ്ഞമാസം 29ാം തിയ്യതി ഡി.വൈ.എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊയിലാണ്ടിയില്‍ വെച്ച് വളരെ നാടകീയമായാണ്മോഹനനെ അറസ്റ്റ് ചെയ്തത്. സി.പി.ഐ. എമ്മിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നേതാവാണ് പി. മോഹനന്‍.