| Tuesday, 22nd July 2025, 5:34 pm

ശിവഗംഗ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്ന്‌ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട അജിത്‌ കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലെ മധുര ബെഞ്ചിന്റെതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അനുവദിച്ച 7.5 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. അജിത്‌ കുമാറിന്റെ സഹോദരന്‍ മൂന്ന് സെന്റ് ഭൂമിയും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.

അജിത്‌ കുമാറിന്റെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ട് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം ഈ തുക അപര്യാപ്തമാണെന്ന് നിരീക്ഷിച്ചതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടത്. കേസ് ജൂലൈ 28ന് വീണ്ടും പരിഗണിക്കും.

ജൂണ്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു അജിത്‌ കുമാര്‍. ഒരു ദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ 42കാരിയും മകളും കാറില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് കാണിച്ച് തിരുപുവനം പൊലീസിന് ഒരു മോഷണ പരാതി നല്‍കി. തുടര്‍ന്ന് അജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാര്‍ പാര്‍ക്ക് ചെയ്യാന്‍ പരാതിക്കാര്‍ അജിത്തിന്റെ സഹായം തേടിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അജിത്ത് കുമാറിന് പുറമെ സഹോദരന്‍ നവീന്‍ കുമാറിനെയടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അടുത്ത ദിവസം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അജിത്ത് കുമാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അജിത്‌ കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അജിത് അസുഖ ബാധിതനായിരുന്നുവെന്നും ഇതിനെ തുടര്‍ന്നായിരുന്നു മരണമെന്നുമാണ് പൊലീസ് ആദ്യം കുടുംബത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ കസ്റ്റഡിയില്‍ വെച്ച് അജിത് ഉള്‍പ്പെടെ നാല് പേര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്ന് സഹോദരന്‍ നവീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ട് അരമണിക്കൂറോളം വായ മൂടിക്കെട്ടി പൊലീസ് തന്നെ മര്‍ദിച്ചതായും നവീന്‍ വെളിപ്പെടുത്തി.

അജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുടുംബം കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് അജിത്തിന്റെ മരണം കസ്റ്റഡി കൊലപാതമാണെന്ന ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു.

Content Highlight: custodial death case of Ajith Kumar; Madras High Court tells government to provide Rs 25 lakh aid 

We use cookies to give you the best possible experience. Learn more