| Wednesday, 22nd May 2019, 7:15 pm

നാളെ പെരിയയില്‍ നിരോധനാജ്ഞ; തീരുമാനം രാഷ്ട്രീയക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ല്യോട്ട്-പെരിയ ടൗണുകളുടെ അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ. കല്യോട്ട് രാഷ്ട്രീയക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണിത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടുമാസത്തിനു മുന്‍പാണ് കല്യോട്ടുവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

സംഭവത്തില്‍ സി.പി.ഐ.എം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

അതേസമയം വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഇതിനായി 22000-ത്തോളം പൊലീസുകാരെ നിയോഗിച്ചു.

അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനിച്ചത്. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും ലോക്നാഥ് ബഹ്റ അറിയിച്ചിട്ടുണ്ട്.

2,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സംസ്ഥാനമൊട്ടാകെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്.ഐ, എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

അതേസമയം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേരള പൊലീസിനും സ്പെഷല്‍ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടീക്കാറാം മീണ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more