| Sunday, 12th October 2025, 3:53 pm

കെ.എസ്.യുവിന്റെ എം.എസ്.എഫിനെതിരായ പ്രസ്താവനകള്‍ ഇസ്‌ലാമോഫോബിക്; വിമര്‍ശിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എസ്.എഫിനും മുസ്‌ലിം ലീഗിനുമെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ അപകടകരവും ഇസ്‌ലാമിക് ഫോബിക്കുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം.

തുറന്നകത്തിലൂടെയാണ് ജെ. ദേവിക , ഡോ. മാളവിക ബിന്നി, ലാലി പി.എം, ജോളി ചിറയത്ത്, ഡോ. ആബിദാ ഫാറൂഖി തുടങ്ങിയ അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചത്.

കേരളത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ സഖ്യത്തിലാണ്. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ ഇന്ത്യാ മുന്നണിയിലും മുമ്പ് യു.പി.എയിലും പ്രധാനഘടകമാണ്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ ചില ക്യാമ്പസ് തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ ചില കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗിനും എം.എസ്.എഫിനുമെതിരെ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും ഇസ്‌ലാമോഫോബിക്കുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

സമുദായങ്ങളായി സംഘടിച്ച് സ്വയം ആവിഷ്‌കരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന തന്നെ സമുദായങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതിന്റെ തെളിവാണ് സംവരണവും വിവിധ സമുദായങ്ങള്‍ക്കായുള്ള പ്രത്യേക വ്യക്തിനിയമങ്ങളും.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭരണഘടനാപരമായും നിയമവിധേയമായും ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് ഇത്തരം നിയമങ്ങളുടെയും ഭരണഘടനാപരമായ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിവിധസമുദായങ്ങള്‍ സംഘടിക്കുന്നതും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതും രാജ്യത്തെ ജനാധിപത്യ, ഭരണഘടനാമൂല്യങ്ങള്‍ക്കകത്തു നിന്ന് കൊണ്ടാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

മുസ്‌ലിങ്ങളെ നിരന്തരം അപരവത്കരിക്കുന്ന വംശീയപദ്ധതിയാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിങ്ങളെ പ്രശ്നക്കാരായി അവതരിപ്പിച്ചും മനുഷ്യപദവിയില്‍ നിന്ന് പുറത്താക്കിയുമാണ് ആഗോളതലത്തില്‍ ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനം.

ഇന്ത്യന്‍ സാഹചര്യത്തിലാവട്ടെ, ഇവയ്ക്ക് പുറമേ മുസ്‌ലിങ്ങള്‍ക്ക് സ്വയം സംഘടിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുകൂടിയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.

Content Highlight: Cultural activists criticize KSU’s slogans against MSF as Islamophobic

We use cookies to give you the best possible experience. Learn more