| Saturday, 16th May 2026, 12:35 pm

യു.എസ് അധിനിവേശം; സ്വയം പ്രതിരോധിക്കാന്‍ ക്യൂബ തയ്യാറെടുക്കുന്നുവെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന ഏതൊരു സൈനിക നടപടിക്കുമെതിരെയും സ്വയം പ്രതിരോധിക്കാന്‍ ക്യൂബന്‍ ജനത തയ്യാറെടുക്കുകയാണെന്ന് യു.എസിലെ ക്യൂബന്‍ നയതന്ത്രജ്ഞ.

യു.എസ് സൈനിക നടപടിയുണ്ടായാല്‍ അത് വലിയൊരു രക്തച്ചൊരിച്ചിലിന് കാരണമായേക്കാമെന്ന് യു.എസിലെ ക്യൂബന്‍ അംബാസഡര്‍ ലിയാനിസ് ടോറസ് റിവേര മുന്നറിയിപ്പ് നല്‍കി. ‘ദി ഹില്‍’ ന്യൂസ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങള്‍ പ്രതിരോധത്തിനായി തയ്യാറെടുക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും ആക്രമണാത്മകമായ രീതിയിലല്ലെന്ന് ലിയാനിസ് ടോറസ് റിവേര പറഞ്ഞു.

യു.എസ് പ്രദേശത്തിനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടികള്‍ ആദ്യം സ്വീകരിക്കാന്‍ ക്യൂബ ഉദ്ദേശിക്കുന്നില്ല. ക്യൂബക്കാര്‍ തങ്ങളുടെ മണ്ണില്‍ മരിച്ചുവീഴാനോ, അതല്ലെങ്കില്‍ ഒരു അമേരിക്കന്‍ സൈനികന്‍ പോലും കൊല്ലപ്പെടാനോ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്യൂബയുടെ ‘പരമാധികാരം, സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം’ എന്നിവയിലൊരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. ഹവാന ഒരിക്കലും യു.എസിന് ഒരു ഭീഷണിയല്ല. ക്യൂബക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ തങ്ങളെ ഒറ്റയ്ക്ക് വിടണമെന്നും, സമാധാനം മാത്രം ആഗ്രഹിക്കുന്ന ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് തങ്ങളെന്നും ടോറസ് റിവേര ആവര്‍ത്തിച്ചു.

യു.എസ് ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളെത്തുടര്‍ന്ന് കടുത്ത ഇന്ധനക്ഷാമവും നീണ്ടുനില്‍ക്കുന്ന വൈദ്യുതി തടസ്സവും കാരണം ക്യൂബന്‍ ജനത വലിയ പ്രതിസന്ധി സാഹചര്യത്തിലാണ് അംബാസഡറുടെ പരാമര്‍ശം.

ജനുവരിയില്‍ ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് തടങ്കലിലാക്കിയിരുന്നു. കൂടാതെ ക്യൂബയ്ക്ക് എണ്ണ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിന്മേലും കടുത്ത തീരുവ ചുമത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്യൂബയിലെ ഊര്‍ജ പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലെത്തിയത്.

അതേസമയം, ക്യൂബയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ക്യൂബയുടെ മുന്‍ പ്രസിഡന്റും വിപ്ലവ നേതാവുമായ റൗള്‍ കാസ്ട്രോയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി യു.എസ് നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1996-ല്‍ ക്യൂബന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തിലാണ് നീക്കം.

94 കാരനായ കാസ്ട്രോയ്ക്കെതിരെയുള്ള കുറ്റപത്രം മെയ് 20ന് മിയാമിയില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കുറ്റപത്രത്തിന് ആദ്യം ഗ്രാന്‍ഡ് ജൂറിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Content Highlight: Cubans preparing to defend themselves against possible US military action senior diplomat

We use cookies to give you the best possible experience. Learn more