ഹവാന: സമുദ്രാതിര്‍ത്തി ലംഘിച്ച യു.എസ് ചെറുബോട്ടിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ക്യൂബന്‍ സേന. ബോട്ടിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട നാല് പേരും. ക്യൂബയുടെ വടക്കന്‍ തീരത്തുള്ള ദ്വീപിന് സമീപത്തായിരുന്നു സംഭവം. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ നല്‍കുകയും ചെയ്തു.
യു.എസിന്റെ ബോട്ടിലുണ്ടായിരുന്നവര്‍ ക്യൂബയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പലിന് നേരെ വെടിയുതിര്‍ത്തെന്നും തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നും ക്യൂബന്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
വില്ല ക്ലാര പ്രവിശ്യയിലെ ഫാല്‍ക്കണ്‍സ് കേയിലാണ് സംഭവമുണ്ടായത്. സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടിനെ പരിശോധിക്കാനായി സമീപിച്ച കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിന് നേരെ ചെറുബോട്ടില്‍ നിന്നും വെടിവെപ്പുണ്ടായി. സംഭവത്തില്‍ ക്യൂബന്‍ കപ്പലിലെ കമാന്‍ഡര്‍ക്ക് പരിക്കേറ്റെന്നും തുടര്‍ന്നാണ് തിരിച്ച് വെടിയുതിര്‍ത്തതെന്നും മന്ത്രാലയം വിശദീകരിച്ചു.
അതേസമയം, കൊല്ലപ്പെട്ടവര്‍ അമേരിക്കന്‍ പൗരന്മാരാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്‌ളോറിഡയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുബോട്ടാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്നവരുടെ പേരോ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും ഇവരേത് രാജ്യക്കാരാണെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ക്യൂബന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. എന്തിനാണ് ഇവര്‍ ഈ പ്രദേശത്ത് വന്നതെന്ന് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ക്യൂബ അറിയിച്ചു.
സംഭവത്തില്‍ പ്രതികരിച്ച് യു.എസും രംഗത്തെത്തി. വിഷയത്തില്‍ വസ്തുതകള്‍ പരിശോധിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുകയെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ബോട്ടിലുണ്ടായിരുന്നത് യു.എസിന്റെ ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. തുറന്ന കടലില്‍ വെടിവെപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും അതെന്നും സംഭവിക്കുന്ന ഒരു കാര്യമല്ലെന്നും റൂബിയോ പറഞ്ഞു.
കപ്പല്‍ ആരുടെ കൈവശമാണെങ്കിലും എത്രയും പെട്ടെന്ന് അത് യു.എസിന് ലഭിക്കണം. അത് അമേരിക്കന്‍ പൗരന്മാരുടേതാണെങ്കില്‍ യു.എസിന് പ്രവേശനം നല്‍കണം. കേസിന്റെ ആവശ്യങ്ങള്‍ക്കായി ക്യൂബ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കില്ല. സ്വതന്ത്രമായി യു.എസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ക്യൂബയിലേക്കുള്ള വെനസ്വേലയുടെ എണ്ണ വിതരണം തടസപ്പെടുത്തിയതിന് പിന്നാലെ യു.എസും ക്യൂബയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കടുത്ത ഊര്‍ജ പ്രതിസന്ധിയും ഉപരോധങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ രംഗത്തടക്കം കനത്ത തിരിച്ചടിയും നേരിടുകയാണ് ക്യൂബ. ഈ സാഹചര്യത്തിലാണ് യു.എസ് ബോട്ടിന് നേരെ വെടിവെപ്പുണ്ടായിരിക്കുന്നത്.
Content Highlight: Cuban military fires on US boat that violated territorial waters; four killed