ഹവാന: യു.എസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ആരോപണങ്ങളെ തള്ളി ക്യൂബന്‍ സര്‍ക്കാര്‍. യു.എസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ക്യൂബന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യു.എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയും ക്യൂബ അറിയിച്ചിട്ടുണ്ട്.
ക്യൂബ ഭീകരതയെ പിന്തുണയ്ക്കുന്നില്ല. യു.എസുമായി ക്രിയാത്മകമായ ഇടപടല്‍, നിയമപരമായ സഹകരണം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയിലൂടെ ക്യൂബയ്ക്കും അമേരിക്കയ്ക്കും നേട്ടം മാത്രമെയുണ്ടാവൂവെന്ന് ക്യൂബ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ സര്‍ക്കാരുമായി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് മാന്യമായ സംഭാഷണം നടത്താനുള്ള സന്നദ്ധതയും ക്യൂബ അറിയിച്ചിട്ടുണ്ട്.
ക്യൂബയുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയായിരുന്നു ക്യൂബയുടെ പ്രതികരണം.
ക്യൂബ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ്. അവരുടെ അവസ്ഥ വളരെ മോശമാണ്. എണ്ണയോ പണമോ ക്യൂബയുടെ പക്കലില്ല. അവരെ സഹായിക്കാനുണ്ടായിരുന്ന വെനസ്വേല ഇപ്പോഴില്ലെന്നും ഞായറാഴ്ച ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ക്യൂബയിലേക്ക് എണ്ണയോ പണമോ പോകില്ല. വൈകും മുമ്പ് ക്യൂബ ഒരു കരാര്‍ ഉണ്ടാക്കണമെന്ന് ശക്തമായി നിര്‍ദേശിക്കുന്നെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കുറിച്ചിരുന്നു.
ക്യൂബയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായിരുന്ന വെനസ്വേല. നിക്കോളാസ് മഡൂറോ സര്‍ക്കാരിനെ യു.എസ് അട്ടിമറിച്ചതിന് ശേഷം ക്യൂബയിലേക്കുള്ള എണ്ണ ഇറക്കുമതി ഏറെക്കുറെ നിലച്ച സ്ഥിതിയിലാണ്.
ക്യൂബയിലേക്കുള്ള എണ്ണ ടാങ്കറുകള്‍ അമേരിക്ക തടഞ്ഞിരുന്നു. ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
Content Highlight: Cuba ready to cooperate with US; rejects accusations of security threat