വാഷിങ്ടണ്‍: ക്യൂബ അമേരിക്കയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യമാവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ക്യൂബയുമായി ബന്ധപ്പെട്ട് അമേരിക്ക ഒരു കരാറുണ്ടാക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന.
ഇതൊരു മാനുഷിക പ്രതിസന്ധിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ക്യൂബ അമേരിക്കയുമായി ചര്‍ച്ച നടത്തണമെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
‘ഇതൊരു മാനുഷിക പ്രതിസന്ധിയാക്കേണ്ടതില്ല, ക്യൂബ അടുത്തെത്തി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ക്യൂബയുടെ അവസ്ഥ വളരെ മോശമാണ്, അവരുടെ പക്കല്‍ എണ്ണയും പണവുമില്ല. വെനസ്വേലന്‍ എണ്ണയും പണവും കൊണ്ടാണ് അവര്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ അതും വരുന്നില്ല,’ ട്രംപ് പറഞ്ഞു.
ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നും വളരെ വൈകുന്നതിന് മുമ്പ് അവര്‍ ഒരു കരാര്‍ ഉണ്ടാക്കണമെന്ന് താന്‍ ശക്തമായി നിര്‍ദേശിക്കുന്നുവെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞിരുന്നു.
ക്യൂബ തകര്‍ച്ചയുടെ വക്കിലാണെന്നും വെനസ്വേലന്‍ എണ്ണയില്ലാതെ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും പ്രതികാര ചുങ്കം ചുമത്താന്‍ കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിട്ടിരുന്നു.
ക്യൂബയുമായി എണ്ണവ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവ ചുമത്തി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കാന്‍ ട്രംപ് ശ്രമിക്കുകയാണെന്ന് ക്യൂബ പ്രതികരിച്ചിരുന്നു.
അമേരിക്കയുടേത് ഫാസിസ്റ്റ് നടപടിയാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു.
എന്നാല്‍ അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ അവഗണിച്ച് ക്യൂബയ്ക്ക് എണ്ണ നല്‍കുന്നത് തുടരാന്‍ മെക്സിക്കോ തീരുമാനിച്ചിരുന്നു. മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ആണ് ഈ തീരുമാനം അറിയിച്ചത്. ക്യൂബ നേരിടുന്ന കടുത്ത ഊര്‍ജ്ജ പ്രതിസന്ധി പരിഗണിച്ചാണ് മെക്സിക്കോയുടെ ഈ നീക്കം.
ക്യൂബയുമായുള്ള മെക്സിക്കോയുടെ ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പ്രസിഡന്റ് ഷീന്‍ബോം വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. ‘മെക്സിക്കോയുടെ വിദേശനയം പരമാധികാരത്തിലും മാനുഷിക മൂല്യങ്ങളിലും അധിഷ്ഠിതമാണ്. ക്യൂബന്‍ ജനത നേരിടുന്ന പ്രതിസന്ധിയില്‍ അവരെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്,’ അവര്‍ വ്യക്തമാക്കി.
Content Highlight: Cuba on the verge of collapse; Trump wants to make a deal with the US