| Tuesday, 8th September 2026, 1:04 pm

ഉയരെ സിനിമയിലെ ഗോവിന്ദനെ ചെയ്യാൻ റഫറൻസായത് ഹോസ്റ്റലിലെ സുഹൃത്ത്; ആസിഫ് അലി

അജ്മല്‍ കെ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’വിലൂടെ സിനിമയിലെത്തിയ ആസിഫ് അലി, ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും തന്നിലെ നടനെ കൂടുതൽ താരം മെച്ചപ്പെടുത്താറുണ്ട്.

മികച്ച പ്രകടനം കൊണ്ട് പലപ്പോഴും പ്രേക്ഷകരുടെ പിന്തുണ നേടാനും നടൻ സാധ്യമായിട്ടുണ്ട്. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസുകളും സ്വന്തം ജീവിതാനുഭവങ്ങളും എങ്ങനെയാണ് സഹായിക്കുന്നതെന്ന് തുറന്നുപറയുകയാണ് ആസിഫ് അലി. കൈരളിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോൾ തനിക്ക് ലഭിക്കുന്ന റഫറൻസുകൾ ഏറെ സഹായിക്കാറുണ്ടെന്നും താരം പറഞ്ഞു. ‘ഉയരെ’ സിനിമയിലെ ഗോവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തന്റെ ഹോസ്റ്റലിലെ ഒരു സുഹൃത്തായിരുന്നു പ്രധാന റഫറൻസെന്നും ആസിഫ് അലി വ്യക്തമാക്കി.

ആസിഫ് അലി. Photo: Screen Grab/ Youtube.com

‘ഗോവിന്ദിനെപ്പോലെ അത്രയും അഗ്രസ്സീവ് സ്വഭാവമുള്ള ഒരാളായിരുന്നില്ല സുഹൃത്തെങ്കിലും, ഗോവിന്ദിന്റെ ചിന്തകളും ചില സ്വഭാവരീതികളുമായി സാമ്യമുള്ള ഒരാളായിരുന്നു. സഞ്ജയ്-ബോബി സിനിമയുടെ കഥ തന്നോട് പറയുമ്പോൾ കഥാപാത്രവുമായി കണക്ട് ചെയ്യാൻ തന്റെ ചിന്ത ആദ്യം എത്തിയത് ആ സുഹൃത്തിലേക്കായിരുന്നു,’ നടൻ പറഞ്ഞു.

കഥാപാത്രത്തെ നന്നായി മനസിലാക്കി ആരെങ്കിലുമൊക്കെയായി കണക്ട് ചെയ്യുമ്പോഴാണ് ആ കഥാപാത്രത്തെ അത്ര മനോഹരമായി ചെയ്യാൻ സാധിക്കുന്നത് എന്നും താരം പറഞ്ഞു.

‘റഫറൻസ് എന്ന് പറയുമ്പോൾ ഗോവിന്ദന്റെ ആക്ടിവിറ്റീസല്ല, അയാളുടെ തോട്ടുപ്രോസസ്സുകളാണ്. സഞ്ജയ്-ബോബി എന്നോട് ഈ കഥ പറയുമ്പോൾ സിനിമയിലേക്ക് കണക്ട് ആകാൻ എന്റെ ചിന്ത പോയത് ആ സുഹൃത്തിലേക്കാണ്. അതൊക്കെയാണ് ആ കഥാപാത്രത്തെ അത്ര മനോഹരമായി ചെയ്യാൻ സാധിച്ചത്’, ആസിഫ് അലി പറഞ്ഞു.

‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ സ്ലീവച്ചൻ എന്ന കഥാപാത്രത്തിനും സമാനമായ രീതിയിൽ റഫറൻസ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ എഴുത്തുകാരനായ തങ്കം കഥാപാത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയതാണ് തനിക്ക് സഹായകമായതെന്നും നടൻ കൂട്ടി ചേർത്തു.

താൻ തൊടുപുഴക്കാരനോ ഇടുക്കിക്കാരനോ ആണെങ്കിലും സ്ലീവച്ചന് ഉണ്ടായിരുന്ന അത്രയും മാനറിസങ്ങൾ തനിക്കില്ലെന്നും ആസിഫ് പറഞ്ഞു. തങ്കം നേരിട്ട് ആ കഥാപാത്രത്തിന്റെ റഫറൻസായി ഒരാളെ കാണിച്ചുതന്നില്ലെങ്കിലും, അയാൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്നും എങ്ങനെയാണ് പെരുമാറുന്നതെന്നും കൃത്യമായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ടുതന്നെ റഫറൻസുകൾ കഥാപാത്രത്തെ മനസിലാക്കാൻ ഏറെ സഹായകരമാണെന്നും ആസിഫ് വ്യക്തമാക്കി.

കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും ഒരു പരിധിവരെ സഹായിക്കാറുണ്ട്. യാത്ര ചെയ്യുമ്പോഴും പലരുമായി ഇടപഴകുമ്പോഴും പരിചയപ്പെടുന്ന ആളുകളിൽ ആരെങ്കിലുമൊക്കെ പിന്നീട് ഒരു കഥാപാത്രവുമായി കണക്ട് ചെയ്യാൻ കഴിയുന്ന അനുഭവങ്ങൾ നൽകാറുണ്ട് എന്നും താരം പറഞ്ഞു.

ആസിഫ് അലി. Photo: Screen Grab/ Youtube.com

‘നമ്മൾ യാത്ര ചെയ്യുന്നവരാണ്, ആളുകളുമായി ഇൻട്രാക്ട് ചെയ്യുന്നവരാണ്. അപ്പോൾ ഏതെങ്കിലും കഥാപാത്രം ആരെങ്കിലും ഒക്കെയായിട്ട് നമുക്ക് കണക്ട് ആകും. കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള എക്സ്പീരിയൻസുകളും നമുക്ക് കിട്ടുന്നുണ്ട്’, ആസിഫ് അലി പറഞ്ഞു.

Content Highlights: Actor asif ali talks about uyare movie  character

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more