| Tuesday, 2nd December 2025, 12:02 pm

ബിഗ് ബോസ്സ് നിരീക്ഷണമോ? പൗരന്മാരെ നിരീക്ഷിക്കാനുള്ള സഞ്ചാര്‍ സാഥി ആപ്പിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ വിമര്‍ശനം.

ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സഞ്ചാര്‍ സാഥി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രം നല്‍കിക്കഴിഞ്ഞു. ഇതിനായി 90 ദിവസത്തെ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ ശക്തമായി വിമര്‍ശിച്ച് ശിവസേന യു.ബി.ടി എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ‘ ഇന്ത്യയില്‍ നിര്‍മിക്കുന്ന മുഴുവന്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഇതൊരു ബിഗ്ബോസ്സ് സര്‍വലൈസ് അല്ലാതെ മറ്റെന്താണ്?

ടെലകോം സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശക്തമായൊരു പരിഹാരം കാണുന്നതിനു പകരം വ്യക്തികളുടെ ഫോണുകളില്‍ കടന്നുകൂടാനുള്ള വഴികള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഇത്തരം വികലമായ നടപടികള്‍ക്ക് പകരം മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടത്,’ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

മൊബൈല്‍ മോഷണം, വഞ്ചന, ക്ലോണ്‍ ചെയ്തതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ ആയ IMEI (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറുകളുടെ ദുരുപയോഗം എന്നിവയെ ചെറുക്കുന്നതിനുള്ള ഒരു ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന രീതിയിലാണ് ഈ വര്‍ഷം തുടക്കത്തില്‍ സഞ്ചാര്‍ സാഥി അവതരിപ്പിക്കപ്പെട്ടത്.

സൈബര്‍ തട്ടിപ്പുകളെ ചെറുക്കുക, മൊബൈല്‍ ഫോണുകളുടെ ദുരുപയോഗങ്ങള്‍ തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരംഭിച്ച സഞ്ചാര്‍ സാഥി എല്ലാ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

സഞ്ചാര്‍ സാഥി ഒരു കാരണവശാലും നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുതെന്നും ടെലകോം വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തിനെതിരെ ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭീമന്‍മാരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടാനുള്ള സാധ്യതകളേറെയാണ്. പ്രത്യേകിച്ച് ആപ്പിള്‍ പോലുള്ള കമ്പനികളുടെ നയങ്ങള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെതിരാണ്.

Content Highlight: Ctiticim against Sanchaar Sathi App

We use cookies to give you the best possible experience. Learn more