| Saturday, 16th August 2025, 6:16 pm

കരാറിലെത്താന്‍ രഹസ്യമായി പണം നല്‍കി; 'ആര്‍. അശ്വിന്' മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025നിടെ ഡെവാള്‍ഡ് ബ്രെവിസിനെ ടീമിലെത്തിച്ചതില്‍ ആര്‍. അശ്വിന്റെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണിനിടെ പരിക്കേറ്റ താരത്തിന് പകരക്കാരനായി ബ്രെവിസിനെ ടീമിലെത്തിച്ചപ്പോള്‍ കരാറിലുള്ളതിനേക്കാള്‍ ഉയര്‍ന്ന തുക നല്‍കിയെന്ന തരത്തിലായിരുന്നു അശ്വിന്റെ പ്രസ്താവന. തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കവെയായിരുന്നു അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

സീസണിനിടെ പരിക്കേറ്റ ഗുര്‍ജാപ്‌നീത് സിങ്ങിന് പകരമാണ് സൗത്ത് ആഫ്രിക്കന്‍ വണ്ടര്‍ കിഡ് ഡെവാള്‍ഡ് ബ്രെവിസിനെ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചത്.

ഡെവാള്‍ഡ് ബ്രെവിസ്

ഐ.പി.എല്‍ താരലേലത്തില്‍ 75 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ താരം അണ്‍സോള്‍ഡാവുകയായിരുന്നു. എന്നാല്‍ സീസണിന്റെ പകുതിയില്‍ ഗുര്‍ജാപ്‌നീത് സിങ്ങിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ബ്രെവിസ് എത്തുകയായിരുന്നു. സീസണിന്റെ പകുതിയില്‍ ഉണ്ടാക്കിയ കരാറില്‍ താരത്തിന് 2.20 കോടി നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് താരത്തെ ടീമിലെത്തിച്ചത്.

ലേലത്തിലെ അടിസ്ഥാനവിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയാല്‍ വരാമെന്ന് ബ്രെവിസിന്റെ ഏജന്റ് പറഞ്ഞുവെന്നും, അടുത്ത ലേലത്തില്‍ കൂടുതല്‍ വില ലഭിക്കുമെന്ന് താരത്തിന് അറിയാമായിരുന്നു എന്നതിനാലായിരുന്നു ഈ നീക്കമെന്നും അശ്വിന്‍ പറഞ്ഞു.

പരിക്കേറ്റ താരത്തിന് പകരക്കാരനെ ടീമിലെത്തിക്കുമ്പോള്‍ ആദ്യ താരത്തേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് പുതിയ താരത്തെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്നാണ് ഐ.പി.എല്‍ നിയമം. താരലേലത്തില്‍ 2.20 കോടിയാണ് സി.എസ്.കെ ഗുര്‍ജാപ്‌നീത് സിങ്ങിന് നല്‍കിയത്. ഇതേ തുകയുടെ കരാറാണ് ബ്രെവിസിനും നല്‍കിയത്.

എന്നാല്‍ അശ്വിന്റെ പരാമര്‍ശം ഇതിനേക്കാള്‍ കൂടുതല്‍ തുക രഹസ്യമായി നല്‍കിയെന്ന സംശയത്തിന് ഇടയാക്കി.

എന്നാല്‍ ടൂര്‍ണമെന്റിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സൗത്ത് ആഫ്രിക്കന്‍ താരത്തെ ടീമിലെത്തിച്ചത് എന്നാണ് സി.എസ്.കെ വിശദീകരിക്കുന്നത്. ടീം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലും ഇക്കാര്യം വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണില്‍ ടീമിനായി ആറ് മത്സരത്തില്‍ ബ്രെവിസ് കളത്തിലിറങ്ങിയിരുന്നു. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 37.50 ശരാശറിയില്‍ 225 റണ്‍സ് നേടി. 180.00 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ടീമിനായി ഏറ്റവുധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് താരം ആറ് മത്സരങ്ങള്‍ കൊണ്ട് ഇടം നേടിയത്.

Content highlight: CSK’s official statement on Dewald Brevis’ inclusion during 2025 season

We use cookies to give you the best possible experience. Learn more