ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് (സി.എസ്.കെ) ചേക്കേറിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രവീന്ദ്ര ജഡേജയെയും സാം കറനിനെയും വിട്ടുനല്‍കിയാണ് താരത്തിനെ തട്ടകത്തിലെത്തിക്കാന്‍ സി.എസ്.കെയുടെ നീക്കം. ഈ ഡീല്‍ അവസാന ഘട്ടത്തിലാണെന്നാണ് കഴിഞ്ഞ ദിവസം ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സഞ്ജു അടുത്ത സീസണില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു സി.എസ്.കെ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണിനെ ടീമിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ട്രേഡിങ് വിന്‍ഡോയില്‍ താരത്തെ സ്വന്തമാക്കാന്‍ ഞങ്ങള്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാധ്യതകള്‍ വിലയിരുത്തി വരികയാണെന്നാണ് ആര്‍. ആര്‍ മാനേജ്മെന്റ് പറഞ്ഞത്.
അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സഞ്ജു സി.എസ്.കെയ്ക്ക് വേണ്ടി കളിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്,’ സി.എസ്.കെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലിന് ശേഷം, സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ടീമുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് താരം വിടാന്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്നെ പുതിയ സീസണിന് മുന്നോടിയായി ട്രേഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
പിന്നാലെ, സഞ്ജു ചെന്നൈയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍, ആര്‍.ആര്‍. ജഡേജയെ ആവശ്യപ്പെട്ടതോടെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.
പിന്നീട് സഞ്ജു ട്രിസ്റ്റന്‍ സ്റ്റബ്ബ്സുമായി ട്രേഡ് ചെയ്ത് ദല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് അവസാന ഘട്ടത്തിലാണെന്നുമായിരുന്നു പുറത്ത് വന്ന വിവരം. എന്നാല്‍ യുവതാരം സമീര്‍ റിസ്വിയെ ആര്‍.ആര്‍. ആവശ്യപ്പെട്ടതോടെ ദല്‍ഹി പിന്മാറുകയായിരുന്നു.
അതിനുശേഷമാണ് സി.എസ്.കെ സഞ്ജുവില്‍ വീണ്ടും താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജഡേജക്കൊപ്പം സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയാണ് ആദ്യം രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ബ്രെവിസിനെ വിട്ടുനല്‍കാന്‍ സി.എസ്.കെ വിസമ്മതിച്ചതോടെ സാം കറനെ വേണമെന്നായി ആര്‍.ആറിന്റെ ആവശ്യം.
Content Highlight: CSK reacts to rumors related to Sanju Samson IPL Trade; says waiting to Rajasthan Royals decision