| Saturday, 29th November 2025, 8:01 pm

ഐ.പി.എല്‍ താരലേലത്തിനില്ലെന്ന് മുന്‍ ചെന്നൈ താരം; ചുവടുമാറ്റം പി.എസ്.എല്ലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് കളിക്കാനുണ്ടാവില്ലെന്ന് അറിയിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി. പുതിയ സീസണിന് മുന്നോടിയായി നടക്കുന്ന മിനി താരലേലത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും അടുത്ത വര്‍ഷം പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിലേക്ക് (പി.എസ്.എല്‍) മാറുകയാണെന്നും താരം പ്രസ്താവനയിലൂടെ അറിയിച്ചു.

അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ സീസണിനായുള്ള മിനി താരലേലം ഡിസംബര്‍ 15നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് ഇനി വെറും രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഡുപ്ലെസിയുടെ ഈ പ്രഖ്യാപനം.

പതിനാല് സീസണുകള്‍ക്ക് ശേഷം താന്‍ ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചെന്നും ടൂര്‍ണമെന്റ് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നുവെന്നും ഡുപ്ലെസി പറഞ്ഞു. ഒരുപാട് ലോകതാരങ്ങള്‍ക്കൊപ്പവും മികച്ച ഫ്രാഞ്ചൈസികള്‍ക്കൊപ്പവും പാഷനേറ്റായ ആരാധകര്‍ക്ക് മുമ്പിലും കളിക്കാനായത് എന്റെ ഭാഗ്യമാണ്. ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ട്.

ഇതൊരു വിടവാങ്ങല്‍ അല്ല, ഞാന്‍ തിരിച്ച് വരും. അടുത്ത വര്‍ഷം പുതിയൊരു വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും പി.എസ്.എല്ലില്‍ കളിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

’14 വര്‍ഷം ഒരു വലിയ കാലമാണ്. ഇന്ത്യയ്ക്ക് വലിയ ഒരു സ്ഥാനം എന്റെ മനസിലുണ്ട്. തീര്‍ച്ചയായും ഇതൊരു വിടവാങ്ങല്‍ അല്ല. ഞാന്‍ തിരിച്ച് വരും. ഈ വര്‍ഷം ഞാന്‍ പി.എസ്.എല്ലില്‍ കളിക്കാന്‍ തീരുമാനിച്ചു.

ഒരു താരമെന്ന നിലയില്‍ പുതിയ അനുഭവങ്ങള്‍ ലഭിക്കാനും വളരാനും കഴിവുള്ള താരങ്ങളും ഉര്‍ജ്ജവുമുള്ള ഒരു ലീഗില്‍ കളിക്കാനുമുള്ള ഒരു അവസരമാണിത്.

പുതിയൊരു രാജ്യം. പുതിയൊരു അന്തരീക്ഷം. പുതിയൊരു വെല്ലുവിളി. പാകിസ്ഥാന്റെ ആതിഥ്യമര്യാദയ്ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നിങ്ങളെയെല്ലാം ഉടന്‍ കാണാം,’ ഡുപ്ലെസി പറഞ്ഞു.

ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിദേശ താരമാണ് ഡുപ്ലെസി. താരം ഐ.പി.എല്ലില്‍ 14 വര്‍ഷം വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇത്രയും സീസണുകളില്‍ 154 മത്സരങ്ങളില്‍ കളിച്ച് താരം 4773 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിദേശ കളിക്കാരില്‍ നാലാം സ്ഥാനത്താണ്

ചെന്നൈ ടീമിൽ കളിക്കുന്ന ഫാഫ് ഡു പ്ലെസി

2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലൂടെയാണ് ടൂര്‍ണമെന്റിലെ ഡുപ്ലെസിയുടെ അരങ്ങേറ്റം. വൈകാതെ തന്നെ താരം സി.എസ്.കെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളായി മാറി. ടീമിനൊപ്പം പ്രോട്ടിയാസ് മുന്‍ നായകന്‍ ഏഴ് സീസണുകള്‍ തുടര്‍ന്നു.

2022ല്‍ സി.എസ്.കെ റിലീസ് ചെയ്തതോടെ താരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിലേക്ക് ചേക്കേറി. ആ വര്‍ഷം ടീമിന്റെ ഭാഗമായ ഡുപ്ലെസി ഫ്രാഞ്ചൈസിയിലെ തന്റെ ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റനായി. തുടര്‍ന്ന് 41കാരന്‍ താരമായും നായകനായും ടീമിനൊപ്പം മൂന്ന് സീസണില്‍ കളിച്ചു.

കഴിഞ്ഞ വര്‍ഷം ഡുപ്ലെസി ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേര്‍ന്നു. ആ വര്‍ഷം ടീമിനായി താരം മികച്ച പ്രകടനം നടത്തി. എന്നാല്‍, ഈ മാസം മിനി താര ലേലത്തിന് മുന്നോടിയായി ഡി.സി താരത്തെ റീലീസ് ചെയ്തിരുന്നു.

Content Highlight: Former CSK – RCB player Faf Du Plessis informed he will not participate IPL 2026 Mini Auction as he intend to move to PSL

We use cookies to give you the best possible experience. Learn more