| Wednesday, 15th April 2026, 7:09 pm

വിജയത്തിലും കണ്ണീരണിഞ്ഞ് ചെന്നൈ; സഞ്ജുവും ഗെയ്ക്വാദും ഏറ്റവും പിന്നില്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ സീസണില്‍ മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീം ദയനീയമായ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍, അവസാന രണ്ട് മത്സരങ്ങളില്‍ വിജയിച്ച് ടീം ഉഗ്രന്‍ തിരിച്ച് വരവാണ് നടത്തിയിട്ടുളളത്.

തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയെങ്കിലും ചെന്നൈയ്ക്ക് ഇപ്പോഴും തലവേദനയാണ് ഓപ്പണിങ് കൂട്ടുകെട്ട്. അഞ്ച് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സഞ്ജു സാംസണ്‍ – ഋതുരാജ് ഗെയ്ക്വാദ് സഖ്യത്തിന് ഒന്നാം വിക്കറ്റില്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനായിട്ടില്ല.

സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും. Photo: CricketGully/x.com

ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജുവും ഗെയ്ക്വാദും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ ആറ്, ഏഴ്, ഒമ്പത് റണ്‍സ് നേടിയ മലയാളി വിക്കറ്റ് കീപ്പര്‍ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തി. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള 115* റണ്‍സിന് പിന്നാലെ താരം കഴിഞ്ഞ ദിവസം 48 റണ്‍സെടുത്തിരുന്നു.

എന്നാല്‍, സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി ക്യാപ്റ്റന്‍ ഗെയ്ക്വാദ് ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. 15 (18), ഏഴ് (മൂന്ന്), 28 (22), ആറ് (11), ഏഴ് (ആറ്) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

ഗെയ്ക്വാദ് ഫോമിലെത്താത്തതിനാല്‍ തന്നെ ഓപ്പണിങ് കൂട്ടുകെട്ടും വളരെ മോശമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെയും പഞ്ചാബ് കിങ്‌സിനെതിരെയും 12 പന്തല്‍ 14 റണ്‍സ് മാത്രമായിരുന്നു ഈ ജോഡിയുടെ സമ്പാദ്യം. ആര്‍.സി.ബിക്കെതിരെ അഞ്ച് പന്തില്‍ ഒമ്പത് റണ്‍സായിരുന്നു ഓപ്പണിങ് കൂട്ടുകെട്ട്.

സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും. Photo: iplt20.com

ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മാത്രമാണ് ഒരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നത്. 38 പന്തില്‍ 62 റണ്‍സായിരുന്നു ഇത്. എന്നാല്‍, കെ.കെ.ആറിനെതിരെ വീണ്ടും ചെറിയ സ്‌കോറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. 14 പന്തില്‍ 25 റണ്‍സാണ് ഈ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്.

കൊല്‍ക്കത്തയ്ക്കെതിരെയും ഓപ്പണിങ് ജോഡി വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചതോടെ ഒരു മോശം നേട്ടവും ടീം സ്വന്തമാക്കി. 2026 ഐ.പി.എല്ലില്‍ ടീമുകളുടെ ഏറ്റവും മോശം ഓപ്പണിങ് കൂട്ടുകെട്ട് ശരാശരിയാണ് ടീമിനുള്ളത്. 24.80 ആണ് ചെന്നൈയുടെ ഓപ്പണിങ് ജോഡിയുടെ ശരാശരി. 25ല്‍ താഴെ ശരാശരിയുള്ള ഏക ടീമും ചെന്നൈ തന്നെയാണ്.

ഈ സീസണില്‍ ഐ.പി.എല്ലില്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ശരശരിയുള്ളത് മുംബൈ ഇന്ത്യന്‍സിനാണ്. 62.00 ആണ് ടീമിന്റെ ശരാശരി. തൊട്ട് പിന്നില്‍ പഞ്ചാബും രാജസ്ഥാനുമുണ്ട്.

2026 ഐ.പി.എല്ലില്‍ ടീമുകളുടെ ഓപ്പണിങ് കൂട്ടുകെട്ട് ശരാശരി

(ടീമുകള്‍ – ശരാശരി എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 62.00

പഞ്ചാബ് കിങ്സ് – 55.66

രാജസ്ഥാന്‍ റോയല്‍സ് – 49.40

ഗുജറാത്ത് ടൈറ്റന്‍സ് – 44.75

സണ്‍റൈസേഴ്സ് ഹൈദരബാദ് – 44.20

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 41.50

ഡല്‍ഹി ക്യാപിറ്റല്‍സ് – 34.75

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 31.50

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 27.75

ചെന്നൈ സൂപ്പര്‍ കിങ്സ് – 24.80

Content Highlight: CSK openers Sanju Samson and Ruturaj Gaikwad has lowest  opening partnership average in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more