| Monday, 30th March 2026, 12:00 pm

പരിശീലനത്തിനെത്താതെ സഞ്ജു, ആദ്യ മത്സരത്തിനില്ലേയെന്ന് ആരാധകര്‍? സത്യാവസ്ഥയെന്ത്!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് (സി. എസ്. കെ) സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഇന്ന് (മാര്‍ച്ച് 30) ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് (ആര്‍. ആര്‍) എതിരാളികള്‍. ആര്‍. ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ ബര്‍സപാര സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഈ മത്സരത്തിന് മുന്നോടിയായി ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് സി.എസ്.കെ ക്യാമ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുന്‍ നായകന്‍ എം.എസ് ധോണി പിന്നാലെ സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിനും പരിക്കേറ്റുവെന്നായിരുന്നു ഈ വാര്‍ത്ത.

പരിശീലത്തിനിടെ സൈഡ് സ്ട്രെയിന്‍ അനുഭവപ്പെട്ട ബ്രെവിസ് ആര്‍. ആറിനെതിരെ കളിക്കില്ലെന്ന് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ താരത്തിന് ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

സഞ്ജു സാംസൺ. Photo: Johns/x.com

ഇതിനൊപ്പം തന്നെ ആരാധകരെ ആശങ്കയിലാഴ്ത്തി ചെന്നൈ ക്യാമ്പില്‍ നിന്ന് മറ്റൊരു വാര്‍ത്തയുമെത്തി. മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം പരിശീലന സെഷനില്‍ പങ്കെടുത്തില്ലെന്നായിരുന്നു ഇത്. ഇതോടെ താരത്തിന്റെ ഫിറ്റ്‌നസിന്റെയും ആര്‍.ആറിനെതിരെയുള്ള മത്സരത്തിലെ ലഭ്യതയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ഇപ്പോള്‍ സഞ്ജുവിന്റെ കാര്യത്തില്‍ അപ്‌ഡേഷന് നല്‍കിയിരിക്കുയാണ് ചെന്നൈ സി. ഇ. ഒ കാശി വിശ്വനാഥ്. സഞ്ജു കളത്തിലെത്തുമെന്നും ധോണിക്ക് പകരം വിക്കറ്റ് കീപ്പറാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. റേവ് സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു കാശി വിശ്വനാഥ്.

‘തലയുടെ (എം.എസ്. ധോണി) അഭാവത്തില്‍ സഞ്ജു വിക്കറ്റ് കീപ്പറാവും. ഞങ്ങളുടെ പ്രീ സീസണ്‍ ഷോയില്‍ ചെന്നൈയില്‍ അവന് ലഭിച്ച സ്വീകരണം അവനെ ആരാധകര്‍ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് കാണിക്കുന്നു,’ കാശി വിശ്വനാഥ് പറഞ്ഞു.

ഇതിനൊപ്പം സഞ്ജു പരിശീലനത്തില്‍ നിന്ന് അവധിയെടുത്തതാണെന്നും താരം പൂര്‍ണ ആരോഗ്യവാനാണെന്നും റേവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ രോഹിത് ജുഗ്ലാന്‍ സ്ഥിരീകരിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ആരാധകര്‍ ഇക്കാര്യം പറഞ്ഞത്.

Content Highlight: CSK CEO confirms Sanju Samson’ availability in opening match against RR in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more