ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ക്രിസ്റ്റല്‍ പാലസ് കഴിഞ്ഞ ദിവസം എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് ചാമ്പ്യന്മാരായിരുന്നു. പെനാല്‍റ്റി ഷൂട്ടില്‍ 3 – 2ന് ലിവര്‍പൂളിനെ തകര്‍ത്തായിരുന്നു പാലസിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ച് സമനില പാലിച്ചതോടെയായിരുന്നു മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ തകര്‍ത്തതോടെ പാലസിന് തങ്ങളുടെ ആദ്യ കമ്മ്യൂണിറ്റി ഷീല്‍ഡ് തട്ടകത്തിലെത്തിക്കാന്‍ സാധിച്ചു. എന്നാല്‍ ക്ലബ്ബിനും അവരുടെ ആരാധകര്‍ക്കും ഇത് വെറുമൊരു കിരീടം മാത്രമല്ല. മറിച്ച് ഇത് അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു അടയാളം കൂടിയാണ്.
ഒരു ശതാബ്ദത്തോളം ഈഗിള്‍സിന് എടുത്തുപറയാന്‍ ഒരു കിരീടം പോലുമുണ്ടായിരുന്നില്ല. എന്നാല്‍, എഫ്.എ കപ്പ് അതിന് ഒരു അന്ത്യം കുറിച്ചു. മെയ് മാസത്തില്‍ നടന്ന ടൂർണമെന്റ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് തങ്ങളുടെ ആദ്യ കിരീടത്തില്‍ പാലസിന് മുത്തമിടാനായി. അന്ന് കലാശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് 119 വര്‍ഷങ്ങളുടെ കിരീട വരള്‍ച്ചക്കാണ് ടീം വിരാമമിട്ടത്.
ടോപ് ലീഗില്‍ പാലസിന്റെ ആദ്യ കിരീടമായിരുന്നു ഇത്. സെക്കന്റ് ഡിവിഷനില്‍ രണ്ട് തവണയും തേര്‍ഡ് ടയറില്‍ ഒരിക്കലും ജേതാക്കളായതായിരുന്നു ക്ലബ്ബിന് അതുവരെ എടുത്ത് പറയാനുണ്ടായിരുന്ന നേട്ടങ്ങള്‍. ഇപ്പോഴിതാ ഈ നേട്ടത്തോട് ചേര്‍ത്ത് വെക്കാന്‍ മറ്റൊരു കിരീടം കൂടെ അവര്‍ക്ക് സ്വന്തമായിരിക്കുന്നു.
എഫ്. എഫ് കപ്പ് നേടി നാല് മാസങ്ങള്‍ക്കിപ്പുറം കമ്മ്യൂണിറ്റി ഷീല്‍ഡും ഇനി ക്രിസ്റ്റല്‍ പാലസിന് സ്വന്തം. അതും എഫ്.എ കപ്പ് നേടിയ അതേ ഗ്രൗണ്ടില്‍ വെച്ച് തന്നെ. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സ്റ്റേഡിയമായ വെബ്ലിയിൽ മാസങ്ങൾക്കിപ്പുറം വലിയൊരു ആൾക്കൂട്ടത്തെ സാക്ഷിയാക്കി ഈഗിൾസ് രണ്ടാമതും വിജയികളായിരിക്കുന്നു. ഒരു കിരീടത്തിൽ കൂടെ തങ്ങളുടെ പേര് സ്വർണ ലിപിൽ എഴുതി ചേർത്തിരിക്കുന്നു.
കിരീടമില്ലാത്തവര്‍ എന്ന നാണക്കേടിന്റെ മുള്‍ക്കിരീടം പേറി നടന്നവര്‍ക്കിപ്പോള്‍ എടുത്ത് കാണിക്കാന്‍ ഒന്നല്ല, രണ്ടാണ് കിരീടം. കാലങ്ങളോളം ഇംഗ്ലീഷ് ഫുട്ബോൾ അടക്കിവാണ രണ്ട് അതികായന്മാരെ ചാമ്പലാക്കിയാണ് ഈ രണ്ട് കിരീടവും വലിയ പോരാട്ടങ്ങൾക്ക് ഒടുവിൽ സ്വന്തം ഷോക്കേസിൽ എത്തിച്ചത്. എത്ര വലിയ തോല്‍വിയിലും നിരാശയിലും ടീമിനൊപ്പം ഉറച്ച് നിന്ന ആരാധകര്‍ക്ക് ഇതില്പരം എന്ത് സമ്മാനാണ് വേണ്ടത്.
Content Highlight: Crystal Palace Fc bagged their second trophy with FA Community Shield within four month after winning FA Cup