| Tuesday, 15th September 2026, 6:05 pm

കാമ്പിയോണ്‍സ് കപ്പ് ഫൈനലിന് മുന്നോടിയായി മെസിക്കും കൂട്ടര്‍ക്കും വെല്ലുവിളി; തുറന്ന് പറഞ്ഞ് ക്രൂസ് അസൂല്‍ താരം അലന്‍ മോസോ

ശ്രീരാഗ് പാറക്കല്‍

കാമ്പിയോണ്‍സ് കപ്പ് ഫൈനലിനൊരുങ്ങുകയാണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയും ക്രൂസ് അസൂലും. സെപ്റ്റംബര്‍ 17ന് നു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. എം.എല്‍.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യന്‍മാരും തമ്മിലുള്ള പോരാട്ടമാണ് കാമ്പിയോണ്‍ കപ്പ്.

ഇതോടെ അമേരിക്കയിലെ മികച്ച രണ്ട് ഡിവിഷനുകളിലെ നിലവിലെ കിരീടാവകാശികളായ ഇരു ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ ഫൈനലിന് മുന്നോടിയായി ക്രൂസ് അസൂല്‍ റൈറ്റ് ബാക് താരം അലന്‍ മോസോ സംസാരിക്കുകയാണ്. ഇന്റര്‍ മയാമിയെ മറികടന്ന് ഫൈനല്‍ നേടുമെന്നാണ് താരം പറഞ്ഞത്.

‘കാമ്പിയോണ്‍സ് കപ്പില്‍ ചാമ്പ്യനാകുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം. ഞങ്ങള്‍ ഇന്റര്‍ മിയാമിക്കെതിരെയാണ് കളിക്കുന്നത്. ഇത് ആദ്യത്തെ അന്താരാഷ്ട്ര കിരീടമാണെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല ഈ മഹത്തായ ക്ലബ്ബിന് മറ്റൊരു കിരീടം കൂടി കൂട്ടിച്ചേര്‍ക്കാം.

ക്രൂസ് അസുല്‍ ടേബിള്‍ ടോപ്പറായി വരും, അത് സംഭവിക്കട്ടെ. അതാണ് ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടത്, നമ്മള്‍ ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അത് യാദൃശ്ചികമാണെന്ന് ഞാന്‍ കരുതുന്നില്ല. ടീമിന് വേണ്ടി ഞാന്‍ എല്ലാം നല്‍കാന്‍ തയ്യാറാണ്,’ ദി റെക്കോര്‍ഡിനോട് സംസാരിക്കുകയായിരുന്നു മോസോ.

അതേസമയം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മെസി ഇന്റര്‍മയാമിക്ക് വേണ്ടി മികച്ച പ്രകടനവുമായാണ് മുന്നേറുന്നത്. 2023ല്‍ മയാമിയിലേക്ക് ചേക്കേറിയ മെസി 75 ഗോളുകളാണ് ക്ലബ്ബിന് വേണ്ടി നേടിയത്.

അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

Content Highlight: Cruz Azul player Alan Mozo says they will defeat Lionel Messi’s Inter Miami in the Campeones Cup final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more