ന്യൂദല്‍ഹി: വിസ കാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ സ്വദേശിയായ ഭാര്യയെ ഇന്ത്യയില്‍ താമസിക്കാന്‍ സഹായിച്ച സി.ആര്‍.പി.എഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ജമ്മു കശ്മീര്‍ സ്വദേശിയായ മുനീര്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെയാണ് പിരിച്ചു വിട്ടത്. അനുമതി ഇല്ലാതെ പാക് സ്വദേശിയായ ഭാര്യയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിച്ചു, പാക് സ്വദേശിയുമായുള്ള വിവാഹവും മറച്ചു വെക്കാന്‍ ശ്രമിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
2024 മെയിലായിരുന്നു മുനീര്‍ അഹമ്മദ് പാക് സ്വദേശിയായ മിനല്‍ ഖാനെ വിവാഹം കഴിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായിരുന്നു മിനല്‍. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇരുവരുടേയും നിക്കാഹ്.
വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ വിസയക്ക് അപേക്ഷിച്ച് കുറേ മാസത്തെ കാത്തിരിപ്പിനൊടുവില്‍ 2025 മാര്‍ച്ചിലാണ് മിനല്‍ ഖാന്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ മാര്‍ച്ച് 22ന് ഇവരുടെ താത്കാലിക വിസയുടെ കാലാവധി അവസാനിച്ചു. എന്നിട്ടും ഇവര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇവര്‍ ദീര്‍ഘ കാല വിസയ്ക്ക് അപേക്ഷ നല്‍കിയതായാണ് ഇവരുടെ അഭിഭാഷകന്‍ പറയുന്നത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാര്‍ ഉടനടി രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ മിനല്‍ ഖാനും നോട്ടീസ് ലഭിച്ചിരുന്നു.
എന്നാല്‍ രാജ്യം വിടാന്‍ വാഗ-അട്ടാരി അതിര്‍ത്തിയിലെത്തിയപ്പോള്‍ ഇവര്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരാന്‍ കോടതിയുടെ അനുമതി ലഭിക്കുകയായിരുന്നു. ജവാനെക്കുറിച്ച് സി.ആര്‍.പി.എഫ് നടത്തിയ അന്വേഷണത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയുടെ ദീര്‍ഘകാല താമസത്തെക്കുറിച്ചും വെളിപ്പെടുത്തുന്നതില്‍ സൈനികന്‍ പരാജയപ്പെട്ടുവെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമായതെന്നാണ് പറയുന്നത്.
സൈനികന്റെ പ്രവര്‍ത്തി സേനയുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദേശീയ സുരക്ഷ ഭീഷണിയാണെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ലെ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് താത്കാലിക വിസയില്‍ തുടരുന്ന എല്ലാ പാകിസ്ഥാന്‍ സ്വദേശികളോടും രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന്‍ സ്വദേശികളുടെ വിസ റദ്ദാക്കിയതിന് പുറമെ അയല്‍ രാജ്യവുമായുള്ള നയതന്ത്ര ബന്ധം വെട്ടിക്കുറച്ച ഇന്ത്യ വ്യോമാതിര്‍ത്തിയും അടയ്ക്കുകയും വ്യാപാരം താത്ക്കാലികമായി നിര്‍ത്തിവെക്കുകയും സിന്ധു നദീജല കരാറില്‍ നിന്ന പിന്മാറുകയും ചെയ്തിരുന്നു.
Content Highlight: CRPF jawan dismissed for helping Pakistani wife stay in India despite visa expiry