കോഴിക്കോട്: ചെറുവണ്ണൂരില്‍ ദര്‍സ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാനെ അറസ്റ്റ് ചെയ്തു. ചെരുവണ്ണൂര്‍ സ്വദേശി സന്തോഷ് ചെറാത്താണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പ്രവീണ്‍ ഒളിവിലാണ്.
ചുവരെഴുതാന്‍ പോയ ദര്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമില്‍ (17) അബ്ദുല്‍ ഹാദി( 17) എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്.
ദര്‍സില്‍ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുവരെഴുതാന്‍ പോയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കപ്പെട്ടത്. പ്രതികള്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും തീവ്രവാദികള്‍ എന്ന് വിളിച്ചതായും ആരോപണമുണ്ട്. ചെമ്പ് വള കൊണ്ട് ഇടിയേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഈ വീട്ടില്‍ പോയി ചുവരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നതായാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് നാലുപേരും കൂടി ചുവരെഴുതുന്നതിനുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി. എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും തങ്ങളോട് മോശമായി സംസാരിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
ദര്‍സിലെ അധ്യാപകന്‍ ഇന്നലെ തന്നെ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Content Highlight: CRPF jawan arrested in connection with attack on Dars students