| Saturday, 20th June 2026, 6:19 pm

സഞ്ജുവിന്റെ ചെപ്പോക്ക് തൂക്കി രോഹിത് തരംഗം

ഫസീഹ പി.സി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം ഏകദിനം ചെപ്പോക്കിൽ നടക്കുകയാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 218 റൺസിന് പുറത്തായിട്ടുണ്ട്. തുടക്കത്തിൽ തകർന്നടിഞ്ഞ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെ സെഞ്ച്വറി കരുത്തിലാണ് ഉയർത്തെഴുന്നേറ്റത്.

മത്സരത്തിൽ പ്രസിദ്ധ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളർമാർ അരങ്ങ് വാണപ്പോൾ അഫ്ഗാൻ തകർന്നടിയുകയായിരുന്നു. എന്നാൽ, അഫ്ഗാൻ നായകൻ ഷാഹിദിയുടെ ഒറ്റയാൾ പോരാട്ടം മത്സരത്തിന് മാറ്റ് കൂട്ടി.

എന്നാൽ, മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊന്നാണ്. അഫ്ഗാൻ ഇന്നിങ്സിനിടെ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയോട് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ആരാധകർ കാണിച്ച സ്നേഹമാണിത്. പല സമയങ്ങളിൽ സ്റ്റേഡിയത്തിൽ രോഹിത്, രോഹിത് ചാന്റുകൾ ഉയർന്നു കേട്ടു.

ഒപ്പം രോഹിത് ബൗണ്ടറി ലൈനിനരികെ ഫീൽഡ് ചെയ്യാനെത്തിയപ്പോഴുള്ള കാഴ്ചയും കൗതുകമായി. നിരവധി കാണികൾ താരത്തെ ഫോട്ടോ എടുക്കാൻ ഒരേ സമയം ശ്രമിക്കുന്ന ദൃശ്യവും ഏറെ ശ്രദ്ധയാകർഷിച്ചു.

മത്സരത്തിൽ ഫീൽഡിങ്ങിലും രോഹിത് മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ഇന്ത്യ ആദ്യം സ്വന്തമാക്കിയ മൂന്ന് വിക്കറ്റുകളിലും താരത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. അഫ്ഗാൻ നിരയിൽ ആദ്യം കൂടാരം കയറിയ റഹ്‌മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ എന്നിവരുടെ ക്യാച്ചുകൾ എടുത്തത് താരമായിരുന്നു.

അതേസമയം, ഷാഹിദി 131 പന്തിൽ 102 റൺസും അസ്മത്തുള്ള ഒമർസായ് 56 പന്തിൽ 50 റൺസും സ്കോർ ചെയ്തു. 23 പന്തിൽ 21 റൺസെടുത്ത മുഹമ്മദ് നബിയാണ് ടീമിന്റെ മൂന്നാമത്തെ ടോപ് സ്‌കോറർ.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. പ്രിൻസ് യാദവ്, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതമെടുത്തു.

നിലവിൽ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 34 റൺസെടുത്തിട്ടുണ്ട്. ഒമ്പത് പന്തിൽ 16 റൺസെടുത്ത യശസ്വി ജെയ്‌സ്വാളും 11 പന്തിൽ ഒമ്പത് റൺസെടുത്ത രോഹിത് ശർമയുമാണ് ക്രീസിലുള്ളത്.

Content Highlight: Crowds cheering for Rohit Sharma in Chepauk during Ind vs AFG 3rd ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more