| Thursday, 6th November 2025, 3:45 pm

ഇതെന്താ മോദിജിയുടെ പുതിയ കോസ്റ്റ്യൂമോ? 'ഭാരത് പര്‍വി'ലെ കഥകളിയില്‍ ബി.ജെ.പിയ്ക്ക് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ‘ഭാരത് പര്‍വ് 2025’ല്‍ കേരള കലാരൂപമെന്ന പേരില്‍ അവതരിപ്പിച്ച കഥകളിക്കെതിരെ വിമര്‍ശനം. കഥകളി അവതരണത്തിനും വേഷത്തിനും മേക്കപ്പിനുമെതിരെയാണ് വിമര്‍ശനം ഉയരുന്നത്. കേരളത്തെയും മലയാളികളെയും അപഹസിക്കും വിധത്തിലുള്ള അവതരണമെന്നാണ് പ്രധാന വിമര്‍ശനം.

ബി.ജെ.പി കേരള നേതൃത്വമാണ് പരിപാടിയുടെ വീഡിയോ എക്സില്‍ പങ്കുവെച്ചത്. ഇതിന് താഴെ ബി.ജെ.പിയെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ ഏക എം.പിയായ സുരേഷ് ഗോപിയെയും വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും.

ഇത് എന്താ ക്രിസ്മസ് അപ്പൂപ്പനോ, കഥകളി: കൊന്നിട്ട് പോടോ, ബിനാലെ തന്നെ, ആന്റി കേരള പാര്‍ട്ടി, വേറെ വല്ല പണിക്കും പോടാ, ഇത് ബി.ജെ.പിയുടെ കഥകളി ആയിരിക്കും, മോദിജിയുടെ പുതിയ കോസ്റ്റ്യൂം ആണോ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

‘കേരളം എന്താണെന്ന് ബി.ജെ.പിക്ക് ഒരു ധാരണയുമില്ല. നിങ്ങളുടെ സോഷ്യല്‍ മീഡിയ ടീമിനെ നിയന്ത്രിക്കാന്‍ മലയാളികളെ നിയമിക്കുക. ഏതെങ്കിലും ചെയ്യണം, ഇത് എന്തൊരു നാണക്കേടാണ്,’ എന്നാണ് ഒരാള്‍ കുറിച്ചത്.

‘ഇത് ദൈവനിന്ദയാണ്. ഒരു പുണ്യക്ഷേത്ര നാടക കലാരൂപമായ കഥകളിയെ ഒരു സര്‍ക്കസ്, കോമാളി പ്രദര്‍ശനമാക്കി മാറ്റിയിരിക്കുന്നു. നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് നിലക്കൊള്ളുന്നവരാണെന്ന് പറയുന്നത്?,’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

ഇത്തരത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ വിമര്‍ശിച്ച് നൂറുകണക്കിന് ആളുകളാണ് എക്സില്‍ പ്രതികരിക്കുന്നത്. അതേസമയം ഗുജറാത്തിലെ ഏക്താ നഗറിലാണ് ഭാരത് പര്‍വ് നടക്കുന്നത്. ഇത് ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയാണ്.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ പര്‍വില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ അവതരിപ്പിച്ച കഥകളിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തിലെ കഥകളിയുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നു അന്നത്തെ അവതരണം.

Content Highlight: Critizism against BJP for Kathakali presentation in Bharat Parv2025

We use cookies to give you the best possible experience. Learn more