ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ഡി.എം.കെയുടെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കെ സ്റ്റാലിന്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി.എം.കെ പിന്തുണച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അപകടങ്ങള്‍ക്കെതിരെ രാജ്യത്ത് ആദ്യമായി ശബ്ദമുയര്‍ത്തിയത് ഡി.എം.കെയാണെന്നും, നീതിയുക്തമായ മണ്ഡല പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ആദ്യമായി ഒന്നിച്ചുചേര്‍ന്നത് ചെന്നൈയിലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നവംമ്പര്‍ 30 മുതല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് സ്റ്റാലിന്റെ പ്രതികരണം. രണ്ട് പ്രധാന ആവശ്യങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണെങ്കില്‍, യാതൊരു കാരണവശാലും ലോക്സഭയില്‍ തമിഴ്നാടിന് നിലവിലുള്ള 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കാന്‍ പാടില്ലെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടു.
കൂടാതെ 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതും നേരത്തെ മരവിപ്പിച്ചതുമായ സംസ്ഥാനങ്ങളുടെ നിലവിലെ പാര്‍ലമെന്ററി പ്രാതിനിധ്യ അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് കൂടി മാറ്റമില്ലാതെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ആവശ്യങ്ങളിലും ഉറച്ചുനില്‍ക്കുകയാണെന്നും നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
‘മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കോ ഒറ്റുകാരുടെ വിലാപങ്ങള്‍ക്കോ ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ഇളക്കാന്‍ കഴിയില്ല. അധികാരസ്ഥാനങ്ങള്‍ക്കായി തത്വങ്ങള്‍ ബലികഴിച്ച നന്ദികെട്ടവര്‍ ഇത് തിരിച്ചറിയണം,’ സ്റ്റാലിന് കുറിച്ചു. തമിഴ്നാടിന്റെ താത്പ്പര്യങ്ങളിലോ പാര്‍ട്ടിയുടെ ആദര്‍ശങ്ങളിലോ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം ചേരുകയാണെന്ന് ടി.വി.കെ ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയുമായി ഡി.എം.കെ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണെന്നതടക്കമുള്ള ആരോപണങ്ങള്‍ ടി.വി.കെ ഉന്നയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉദയനിധി സ്റ്റാലിന് ഗവര്‍ണറെ കണ്ടതിലൂടെ ഡി.എം.കെ തങ്ങളുടെ ആശയപരമായ നിലപാടുകള്‍ ഉപേക്ഷിച്ചുവെന്ന് ടി.വി.കെയുടെ ഐ.ടി വിഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ ചോദിച്ച ‘ആടിന് എന്തിനാണ് താടി? രാജ്യത്തിന് എന്തിനാണ് ഗവര്‍ണര്‍?’ എന്ന ചോദ്യവും ഈ പോസ്റ്റില്‍ ടി.വി.കെ ഓര്‍മിക്കുന്നു.
ഗവര്‍ണറെ നിയമസഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാത്തതില്‍ മുന്‍പ് അഭിമാനം കൊണ്ടിരുന്ന ഡി.എം.കെ, ഇപ്പോള്‍ അദ്ദേഹത്തിന്റെ കാല്ക്കല് വീഴാന്‍ തയ്യാറായിരിക്കുകയാണെന്ന് ആ കുറിപ്പില്‍ ആരോപിക്കുന്നു. ബി.ജെ.പിയുമായി ഡി.എം.കെയ്ക്ക് മുമ്പ് ബന്ധമനുണ്ടായിരുന്നെന്നു ആ ചരിത്രം ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ടി.വി.കെയുടെ കുറിപ്പില്‍ പറയുന്നു.
Content Highlight: Criticisms from those who sacrificed their principles for the sake of power will hold no weight; there will be no compromise on the delimitation of constituencies: Stalin dismisses rumors.