| Friday, 3rd July 2026, 10:16 am

അതിഥി തൊഴിലാളികൾ പണം ചോർത്തുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വംശീയതയെന്ന് വ്യാപക വിമർശനം

സിജൊ

തിരുവനന്തപുരം: സംസ്ഥാനത്തെ റിവേഴ്സ് റെമിറ്റൻസിനെക്കുറിച്ചുള്ള (സംസ്ഥാനത്തെ പണം പുറത്തേക്ക് പോകൽ) കുറിച്ച് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലെ ചില പരാമർശങ്ങൾ വംശീയത നിറഞ്ഞതെന്ന് വിമർശനം. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമർശത്തിനെതിരെയാണ് വിമർശനം ഉയർന്നിട്ടുള്ളത്. പ്രസ്താവനയിൽ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷയിലും വംശീയതയുള്ളതായി വിമർശനം ഉയരുന്നു.

കേരളത്തിന്റെ പണം അതിഥി തൊഴിലാളികളിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്ന പ്രസ്താവന ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയിരുന്നു. ഇന്ന് നിര്‍മ്മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെടേണ്ട ഈ വന്‍ തുക റിവേഴ്‌സ് റെമിറ്റന്‍സ് ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു

സെനോഫോബിയയുടെ ഭാഷയെന്ന് വിമർശനം

മുഖ്യമന്ത്രിയുടേത് സെനോഫോബിയയുടെ ഭാഷയാണെന്ന് എഴുത്തുകാരനും കുടിയേറ്റ തൊഴിലാളി അവകാശ പ്രവർത്തകനുമായ റെജിമോൻ കുട്ടപ്പൻ അഭിപ്രായപ്പെട്ടു.

‘വി.ഡി. സതീശന്റെ ഈ നരേഷൻ വേറെ ഒരിടത്തും കേട്ടു. ഇത് തെറ്റാണ്. ഇത് സെനോഫോബിക് ആണ് ! കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പറയുമ്പോൾ ‘അപകടകരം’, ‘അടിത്തറ ഇളക്കുന്നത്’ എന്നൊക്കെ ഉള്ള വാക്കുകൾ ഉപയോഗിക്കൂന്നത് തന്നെ ഒരു നെഗറ്റീവ് ടാഗിങ്ങോ സെനോഫോബിയയോ ആണ്,’ റെജിമോൻ കുട്ടപ്പൻ കുറിച്ചു.

സതീശൻ ഈ പറയുന്നത് ഗൾഫിലെയോ പാശ്ചാത്യ രാജ്യങ്ങളിലെയോ തദ്ദേശീയർ അവിടെയുള്ള കുടിയേറ്റത്തൊഴിലാളികളെ കുറിച്ച് പറയുമ്പോൾ അതിൽ നെഗറ്റീവ് ടാഗിംഗ് സെനോഫോബിയ എന്നൊക്കെ ഈ മേഖലയിൽ ഉള്ള അവകാശ പ്രവർത്തകർ പറയുമെന്നും റെജിമോൻ കുട്ടപ്പൻ ചൂണ്ടിക്കാട്ടി.

‘ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എവിടെ വേണേലും പണിയെടുക്കാം പൈസ അയക്കാം. പട്ടിണികൊണ്ടാണ്. അതിലേക്ക് അപകടകരം, അടിത്തറ ഇളക്കുന്നത് എന്നുള്ള സെനോഫോബിക് വാക്കുകൾ കൊണ്ട് വരാതെ,’ എന്നും റെജിമോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആശങ്കപ്പെടേണ്ടത് ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് അയക്കുന്ന പണത്തെക്കറിച്ച്

‘റിവേഴ്സ് റെമിറ്റന്‍സിനെക്കുറിച്ച് പഠനം നടത്തും’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും എന്നാൽ ഇക്കാര്യം പറയാനായി സതീശന്‍ ഉപയോഗിച്ച ഭാഷ തൊഴിലാളികളെയും ഇതര സാമൂഹ്യ വിഭാഗങ്ങളെയും അവമതിക്കുന്ന രീതിയിലുള്ളതായിരുന്നെന്നും സാമൂഹ്യ പ്രവർത്തകൻ കെ. സഹദേവൻ അഭിപ്രായപ്പെട്ടു.

റിവേര്‍സ് റെമിറ്റന്‍സിനെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെങ്കില്‍ അത് ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ വരുമാനം സ്വന്തം സംസ്ഥാനത്തേക്ക് അയക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് കേരളീയ സമൂഹം ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തെക്കുറിച്ചായിരിക്കണമെന്നും കെ. സഹദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിച്ചുകൊണ്ട്, സാങ്കേതിക വിദ്യകളിലടക്കം ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തുകൊണ്ട്, കുറഞ്ഞ തുകയില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാവുന്ന ഒരു സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചാല്‍ റിവേര്‍സ് റെമിറ്റന്‍സിലെ വലിയൊരു ശതമാനം തുക തിരികെ കേരളത്തില്‍ തന്നെ ചെലവഴിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.

അത്തരത്തിലുള്ള നയപരമായ തീരുമാനങ്ങള്‍ക്കും ആലോചനകള്‍ക്കും പകരം വംശീയ വിദ്വേഷം വമിക്കുന്ന പ്രസ്താവനകളോ, കയ്യടി നേടാനുള്ള ഗിമ്മിക്കുകളോ കൊണ്ട് വലിയ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും കെ. സഹദേവൻ പറഞ്ഞു.

ഏതാണ്ട് 2.20 ലക്ഷം കോടി രൂപ വര്‍ഷാവര്‍ഷം പുറം രാജ്യങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത് ഈ റെമിറ്റന്‍സ് പണം കൂടിയാണെന്നും കെ. സഹദേവൻ ചൂണ്ടിക്കാട്ടി.

വംശീയമായ മുൻവിധിയെന്ന് വിമർശനം

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന തൊഴിലാളികളെക്കുറിച്ച് ഇങ്ങനെ പറയുന്നത് വംശീയമായ മുൻവിധിയാണെന്ന് മാധ്യമപ്രവർത്തകനായ കെ. സുനിൽ കുമാർ സമൂഹ മാധ്യമത്തിൽ അഭിപ്രായപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും പോയി ജോലിചെയ്യുന്ന മലയാളികൾ ചെലവ് ചുരുക്കി അയക്കുന്ന പണം കൊണ്ടാണ് ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിൽ ജീവിക്കുന്നത് എന്നത് പോലും മറന്നുകൊണ്ടാണ് വി ഡി സതീശൻ അപരവിദ്വേഷ സൂചനകളുള്ള പ്രസ്താവന നടത്തിയത്. ഇത്തരം സമീപനങ്ങൾ അപകടകരമാണെന്നും കെ. സുനിൽ കുമാർ അഭിപ്രായപ്പെട്ടു.

‘അവരുടെ അദ്ധ്വാനം ഇവിടെ സമ്പത്തുണ്ടാക്കുന്നത് കാണാൻ കഴിയാത്ത ധനകാര്യൻ!’ എന്ന് വി.ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ച് എഴുത്തുകാരൻ അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടത്.

‘പറമ്പിൽ പണിക്കു വന്നവൻ കൂലിയായി പണം കൊണ്ടുപോകുന്നതു കൊണ്ട് കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാവുന്നു എന്നും പറയുമോ?,’ എന്നും അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള വാർത്തയുടെ കമന്റ് ബോക്സിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ താൻ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘ ഇത്രയും വംശീയവും മാനവിക വിരുദ്ധവുമായ സമീപനം കേരളത്തിന്റെ മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നതിൽ; ഒരു മലയാളി, ഒരു കേരളീയൻ, ഒരു ഇന്ത്യക്കാരൻ, സർവോപരി ഒരു ലോകപൗരൻ എന്ന നിലയിൽ ഞാൻ ലജ്ജിച്ചു തലതാഴ്ത്തുന്നു,’ ജി.പി. രാമചന്ദ്രൻ കുറിച്ചു.

‘ ബുദ്ധന്റെയും ഗാന്ധിജിയുടെയും ഭഗത് സിംഗിന്റെയും അംബേദ്ക്കറുടെയും സാവിത്രി ഫൂലെയുടെയും ശ്രീനാരായണഗുരുവിന്റെയും നെഹൃവിന്റെയും എകെജിയുടെയും നാട് ഇത്ര അധപതിച്ചല്ലോ’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ പരാമർശം

കേരളത്തിലേക്ക് പ്രവാസികള്‍ പണമയക്കുന്ന റെമിറ്റന്‍സ് എക്കോണമിയെക്കുറിച്ച് അഭിമാനിക്കാറുണ്ടെങ്കിലും, സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളക്കുന്ന ‘റിവേഴ്‌സ് റെമിറ്റന്‍സ്’ (പണം തിരികെ പുറത്തേക്ക് പോകല്‍) എന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കണമെന്നായിരുന്നു വി.ഡി. സതീശന്‍ നിയമസഭയിലെ പ്രസംഗത്തിൽ പറഞ്ഞത്.

കറന്‍സിയുടെ വിനിമയം കുറയുന്നതും പണം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്നതും വരും ദിവസങ്ങളില്‍ വലിയ ലിക്വിഡിറ്റി ക്രഞ്ചിലേക്ക് (പണലഭ്യതക്കുറവ്) നയിക്കും.

കേരളത്തില്‍ നിലവില്‍ 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഇവര്‍ കേരളത്തില്‍ വളരെ കുറഞ്ഞ പണം മാത്രമാണ് ചെലവഴിക്കുന്നത്. മദ്യപാനത്തിലൂടെ സര്‍ക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരില്‍ നിന്നുള്ള പ്രധാന വരുമാനം. അത് വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

’15 വര്‍ഷം മുമ്പ് കൊച്ചിയിലോ തിരുവനന്തപുരത്തോ 100 കോടി രൂപയുടെ ഒരു കെട്ടിടം നിര്‍മിച്ചാല്‍, അതില്‍ 40 മുതല്‍ 50 ശതമാനം വരെ ലേബര്‍ ചാര്‍ജ് ആയി ഇവിടെത്തന്നെയുള്ള പ്രാദേശിക തൊഴിലാളികളുടെ വീടുകളിലേക്കാണ് എത്തിയിരുന്നത്. ആ പണം നമ്മുടെ വിപണിയില്‍ത്തന്നെ ചുറ്റിക്കറങ്ങി സമ്പദ്വ്യവസ്ഥയെ സജീവമാക്കി നിര്‍ത്തിയിരുന്നു.

എന്നാല്‍ ഇന്ന് നിര്‍മ്മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെടേണ്ട ഈ വന്‍ തുക റിവേഴ്‌സ് റെമിറ്റന്‍സ് ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ്,’ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നു.

‘ ഇവിടുത്തെ ഇതരസംസ്ഥാന തൊഴിലാളികളെ നമുക്ക് പറഞ്ഞുവിടാന്‍ സാധിക്കില്ല. അവര്‍ ചെയ്യുന്ന കഠിനമായ ജോലികള്‍ ചെയ്യാന്‍ കേരളത്തിലെ പ്രാദേശിക തൊഴിലാളികള്‍ തയ്യാറുമല്ല.

ഇത്തരമൊരു സങ്കീര്‍ണമായ സാഹചര്യത്തില്‍, നമ്മള്‍ റെമിറ്റന്‍സിനെക്കുറിച്ച് കോളര്‍ പൊക്കി സംസാരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഇക്കോണമിക്ക് വലിയ അപകടം സംഭവിക്കുന്നുണ്ട്,’ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നു.

ഈ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Criticisms arises against Kerala CM VD Satheesan’s Remark on Reverse Remittance and Inter State Migrant Workers

സിജൊ

Latest Stories

We use cookies to give you the best possible experience. Learn more