തിയേറ്ററിലെ സമാനതകളില്ലാത്ത കുതിപ്പിന് ശേഷം ഒ.ടി.ടി സ്ട്രീമിങ്ങിന് തയാറെടുക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ന്നതിന് ശേഷം ഒക്ടോബര്‍ രണ്ടിന് ചിത്രം ഒ.ടി.ടിയിലെത്തും. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
എന്നാല്‍ ഒ.ടി.ടിയിലെത്തുന്നതിന് മുന്നേ ബെത്‌ലഹേമിലെ പ്രധാനപ്പെട്ട പല സീനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഒ.ടി.ടി പാര്‍ട്ണര്‍മാരായ ജിയോ ഹോട്‌സ്റ്റാറാണ് ഈ സീനുകള്‍ പുറത്തുവിടുന്നത്. ക്ലൈമാക്‌സടക്കം പല സീനുകളും ഇതിനോടകം ജിയോ ഹോട്‌സ്റ്റാര്‍ പുറത്തുവിട്ടത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.
ഒ.ടി.ടിയില്‍ സ്ട്രീമിങ് ചെയ്യുന്നതിന് മുന്നേ പ്രധാനപ്പെട്ട സീനുകള്‍ ഇത്തരത്തില്‍ പുറത്തുവിട്ടതുകൊണ്ട് ഇനി സ്ട്രീം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് പലരുടെയും കമന്റുകള്‍. തിയേറ്ററില്‍ കാണാന്‍ പറ്റാത്തവര്‍ക്ക് ഇതെല്ലാം സ്‌പോയിലറാണെന്നും സ്ട്രീമിങ് പാര്‍ട്ണറായതുകൊണ്ട് എന്തും ചെയ്യാമോ എന്നും ചോദ്യങ്ങളുണ്ട്.
മമിത- നിവിന്‍ കോമ്പോയുടെ പ്രധാന ഭാഗങ്ങള്‍, തിയേറ്ററില്‍ ചിരിയുണര്‍ത്തിയ കോമഡി രംഗങ്ങള്‍ തുടങ്ങി പല സീനുകളും ജിയോ ഹോട്‌സ്റ്റാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒ.ടി.ടി സ്ട്രീമിങ്ങിന് മുമ്പ് ഈ സീനുകള്‍ പുറത്തുവിട്ടത് ആസ്വാദനത്തെ ബാധിക്കുമെന്നും കമന്റുകളുണ്ട്. ഇനി ഏതെങ്കിലും പ്രധാനപ്പെട്ട സീന്‍ ബാക്കിയുണ്ടോ എന്നും ചിലര്‍ ഉറ്റുനോക്കുന്നു.
സര്‍വ്വം മായക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചയാകാന്‍ പോകുന്ന ചിത്രമാകും ബെത്‌ലഹേം കുടുംബ യൂണിറ്റെന്നും കമന്റുകളുണ്ട്. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ റിലേറ്റാകുന്ന കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലേത്. അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ബെത്‌ലഹേമിന്റെ കഥ വികസിക്കുന്നത്.
ഓണം റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടിയിലേറെ കളക്ട് ചെയ്തു. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം, ബുക്ക്‌മൈഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിച്ച മലയാള ചിത്രം തുടങ്ങി ധാരാളം റെക്കോഡുകള്‍ ബെത്‌ലഹേം സ്വന്തമാക്കി. ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററിലെ സ്വീകാര്യത ബെത്‌ലഹേം കുടുംബ യൂണിറ്റ് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Criticisms against Jio Hotstar for sharing important scenes in Bethlehem Kudumba Unit