| Monday, 9th November 2026, 9:03 pm

ആറ് പേര്‍ ചേര്‍ന്ന് എഴുതുമ്പോള്‍ സെക്കന്‍ഡ് ഹാഫ് കുറച്ചെങ്കിലും ശ്രദ്ധിക്കാമായിരുന്നു, ഐ ആം ഗെയിം നല്‍കിയ നിരാശ അവസാനിക്കുന്നില്ല

അമര്‍നാഥ് എം.

ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങി വന്‍ പരാജയമായി മാറിയ ചിത്രമാണ് ഐ ആം ഗെയിം. രണ്ടര വര്‍ഷത്തിന് ശേഷം സ്വന്തം ടെറിട്ടറിയിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. എന്നാല്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് ഐ ആം ഗെയിം കളംവിട്ടത്.

രണ്ട് മാസത്തിന് ശേഷം ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തി. ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രമാണ് സിനിമാപേജുകളിലെ ചര്‍ച്ച. ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള പൊട്ടന്‍ഷ്യലുണ്ടായിരുന്നിട്ടും തിരക്കഥയിലെ പാളിച്ച കാരണം ശരാശരിയിലൊതുങ്ങേണ്ടി വന്ന ചിത്രമാണ് ഐ ആം ഗെയിമെന്ന് പലരും അഭിപ്രായപ്പെടുന്നു.

നഹാസ് ഹിദായത്തടക്കം ആറുപേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പൂര്‍ത്തിയാക്കിയത്. നഹാസിന്റെ കഥയ്ക്ക് സജീര്‍ ബാബ, ഇസ്മയില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥയെഴുതിയപ്പോള്‍ ആദര്‍ഷ് സുകുമാരന്‍, ശബാസ് റഷീദ് എന്നിവര്‍ക്കൊപ്പം സജീര്‍ ബാബയും ചേര്‍ന്നാണ് സംഭാഷണമെഴുതിയത്. എന്നാല്‍ ഇത്രയും പേര്‍ ഒന്നിച്ച് എഴുതിയതിന്റെ ഒരു ക്വാളിറ്റിയും രണ്ടാം പകുതിയില്‍ കാണാന്‍ സാധിച്ചില്ലെന്നാണ് സിനിമാപേജുകളിലെ കമന്റുകള്‍.

‘ആള് കൂടിയാല്‍ പാമ്പ് ചാകില്ല’ എന്ന പഴഞ്ചൊല്ലാണ് പലരും ഐ ആം ഗെയിമിന്റെ സ്‌ക്രിപ്റ്റിനെ വിശേഷിപ്പിക്കുന്നത്. അതിഗംഭീരമായ ആദ്യപകുതിയായിരുന്നു ചിത്രത്തിന്. കൈ മാറ്റിവെച്ചതിന് ശേഷം ആ കൈ തന്റെ കണ്‍ട്രോളിലല്ല എന്ന് ദുല്‍ഖര്‍ തിരിച്ചറിയുന്ന സീനുകള്‍ ഗംഭീരമായിരുന്നെന്നും ഇന്റര്‍വെല്‍ ഫൈറ്റ് മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒന്നാണെന്നും എല്ലാവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ രണ്ടാം പകുതിയിലെ ഫ്‌ളാഷ്ബാക്ക് സീന്‍ ഐ ആം ഗെയിമിന് വലിയ രീതിയില്‍ തിരിച്ചടിയായി. യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നിക്കാത്ത ഫ്‌ളാഷ്ബാക്കാണ് എഴുതിവെച്ചതെന്നാണ് കമന്റുകള്‍. ആന്റണി വര്‍ഗീസിന്റെ വിക്കി എന്ന കഥാപാത്രത്തോടും ക്രിക്കറ്റ് സീനുകളോടും ഒരു അറ്റാച്ച്‌മെന്റും ആര്‍ക്കും തോന്നിയില്ല.

ഇതിന് പുറമെ നായകനായ ദുല്‍ഖറിനെ ഒരു മണിക്കൂറോളം സ്‌ക്രീനില്‍ കാണിക്കാത്തതും പലരിലും നിരാശയുണ്ടാക്കി. ആദ്യപകുതി പിടിച്ചുനിന്നത് ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് കൊണ്ടായിരുന്നെന്നും സെക്കന്‍ഡ് ഹാഫ് കൈയീന്ന് പോയത് ഈ കാരണം കൊണ്ടാണെന്നും കമന്റുകളുണ്ട്. സോപ്പുപെട്ടികഥകളിലെ റിവഞ്ച് ഒരു മാറ്റവുമില്ലാതെ കൊണ്ടുവന്നതോടെ വലിയ പൊട്ടന്‍ഷ്യലുള്ള സബ്ജക്ട് എങ്ങുമെത്താതെ പോയെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Criticisms against I’m Game movie script viral in Social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more