ഗംഭീര ഹൈപ്പില്‍ കൊണ്ടുവന്ന് യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ പോയ കഥാപാത്രമായിരുന്ന ചത്താ പച്ചയിലെ വാള്‍ട്ടര്‍. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് വാള്‍ട്ടറായി പ്രത്യക്ഷപ്പെട്ടത്. പത്ത് മിനിറ്റ് മാത്രം സ്‌ക്രീന്‍ ടൈമുള്ള കഥാപാത്രമായിരുന്നെങ്കിലും ആദ്യ സീന്‍ മുതല്‍ കഥയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു വാള്‍ട്ടര്‍.
എന്നാല്‍ കൊടുത്ത ഹൈപ്പിനനുസരിച്ച് ഉയരാന്‍ വാള്‍ട്ടറിന് സാധിച്ചിരുന്നില്ല. അസുഖം ഭേദമായി ആദ്യം ജോയിന്‍ ചെയ്ത ചിത്രമായതിനാല്‍ മമ്മൂട്ടിയില്‍ ക്ഷീണം പ്രകടമായിരുന്നു. ഒപ്പം സിങ്ക് സൗണ്ടിലെ ഡയലോഗ് ഡെലിവറി കൂടിയായപ്പോള്‍ വാള്‍ട്ടര്‍ നനഞ്ഞ പടക്കം പോലെയായി. ചത്താ പച്ചക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരെ ഒരുകൂട്ടമാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുകാലമായി എല്ലാ സിനിമകളിലും സിങ്ക് സൗണ്ട് ഉപയോഗിക്കുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. 2019ല്‍ റിലീസായ ഗാനഗന്ധര്‍വനിലാണ് മമ്മൂട്ടി ആദ്യമായി സിങ്ക് സൗണ്ട് ഉപയോഗിച്ചത്. കഥാപാത്രത്തിന്റെ ഇമോഷനുകളെല്ലാം സിങ്ക് സൗണ്ടിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതിനാലാണ് ഈ രീതി മമ്മൂട്ടി പിന്തുടരുന്നതെന്നാണ് ഒപ്പം വര്‍ക്ക് ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നത്.
ഗാനഗന്ധര്‍വന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷൈലോക്ക്, ക്രിസ്റ്റഫര്‍, ഭ്രമയുഗം എന്നിവ ഒഴികെ ബാക്കിയെല്ലാ സിനിമകളിലും സിങ്ക് സൗണ്ടാണ് മമ്മൂട്ടി ഉപയോഗിച്ചത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടിക്കമ്പനിയുടെ എല്ലാ സിനിമകളും സിങ്ക് സൗണ്ടിലാണ് പുറത്തിറങ്ങിയത്. ആദ്യമെല്ലാം ഇതെല്ലാം പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു.
എന്നാല്‍ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ സിനിമകളില്‍ സിങ്ക് സൗണ്ടിന്റെ ഭീകരമായ വേര്‍ഷനായിരുന്നു. പല ഡയലോഗും വ്യക്തമാകാതെ വന്നത് പലര്‍ക്കും കല്ലുകടിയായി അനുഭവപ്പെട്ടു. ഇപ്പോഴിതാ ചത്താ പച്ചയിലെ സിങ്ക് സൗണ്ടും കൃത്യമായി വര്‍ക്കാകാത്തതോടെ പലരും വിമര്‍ശനങ്ങള്‍ പങ്കുവെക്കുകയാണ്.
കഥ ആവശ്യപ്പെടുന്ന സിനിമകള്‍ക്ക് മാത്രം സിങ്ക് സൗണ്ട് വെച്ചാല്‍ പോരെയെന്നും ടര്‍ബോ, ചത്താ പച്ച, കണ്ണൂര്‍ സ്‌ക്വാഡ്, പാട്രിയറ്റ് പോലുള്ള മാസ് സിനിമകളില്‍ ഇത് വെക്കാതിരുന്നുകൂടെയെന്നും ചോദ്യങ്ങളുണ്ട്. സൗണ്ട് മോഡുലേഷനിലൂടെ ഡബ്ബിങ്ങില്‍ വിസ്മയം തീര്‍ത്തിരുന്ന പഴയ മമ്മൂട്ടിയെ തിരിച്ചുകിട്ടുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
എന്നാല്‍ കഴിഞ്ഞദിവസം ഷൂട്ട് ആരംഭിച്ച പദയാത്ര സിങ്ക് സൗണ്ടാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാട്രിയറ്റിന്റെ ടീസറും സൂചിപ്പിക്കുന്നത് ചിത്രം സിങ്ക് സൗണ്ടായിരിക്കുമെന്നാണ്. ഇനി വരാനുള്ള സിനിമകളില്‍ മമ്മൂട്ടി ഈ സിങ്ക് സൗണ്ട് ഏര്‍പ്പാട് മാറ്റിപ്പിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
Content Highlight: Criticism post viral in social media about Mammootty using sync sound in his films