| Sunday, 3rd May 2026, 11:54 am

കഥ മുഴുവന്‍ ട്രെയ്‌ലറില്‍ കാണിച്ചതാണ് ഏറ്റവും വലിയ അബദ്ധം, പേട്രിയറ്റ് പ്രതീക്ഷക്കൊത്ത് ഉയരാത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പേട്രിയറ്റ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. മോളിവുഡിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് പേട്രിയറ്റിന്റെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടര്‍. ഈയടുത്ത് വന്നതില്‍ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റും പേട്രിയറ്റിലേതായിരുന്നു.

എന്നാല്‍ ചിത്രം പലരുടെയും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. സ്‌പൈ ത്രില്ലര്‍ ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇപ്പോഴിതാ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലറാണ് പ്രതീക്ഷകള്‍ കുറക്കാന്‍ കാരണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കഥ മുഴുവന്‍ വിവരിച്ചുകൊണ്ടുള്ള ട്രെയ്‌ലറായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ട്രെയ്‌ലര്‍ കാണുന്ന ആര്‍ക്കും കഥ ഊഹിക്കാമെന്നും അതിനപ്പുറത്തേക്ക് സിനിമയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്.

ട്രെയ്‌ലറിന്റെ എക്സ്റ്റന്‍ഡഡ് വേര്‍ഷനായിരുന്നു പേട്രിയറ്റിന്റെ കഥ. പ്രധാന കഥാപാത്രങ്ങളെയും കഥാപരിസരത്തെയും വിശദീകരിച്ചുകൊണ്ട് പുറത്തുവിട്ട ട്രെയ്‌ലര്‍ ചെറുതായിട്ട് ഹൈപ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ പ്രധാനപ്പെട്ട കാര്‍ ചെയ്‌സും ഫൈറ്റുകളും ട്രെയ്‌ലറില്‍ കാണിച്ചതോടെ സിനിമയില്‍ മറ്റൊരു വൗ ഫാക്ടറും ഉണ്ടായിരുന്നില്ല.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കോണ്‍ഫ്‌ളിക്റ്റുകള്‍, മോഹന്‍ലാലിന്റെ ഇന്‍ട്രോ, ഫഹദ്- കുഞ്ചാക്കോ ഫേസ് ഓഫ് എന്നിങ്ങനെ പല സീനുകളും ട്രെയ്‌ലറില്‍ തന്നെ കാണിച്ചതിനാല്‍ സിനിമയില്‍ ഈ സീനുകളൊന്നും യാതൊരു ഇംപാക്ടും ഉണ്ടാക്കിയിരുന്നില്ല. വമ്പന്‍ സ്റ്റാര്‍ കാസ്റ്റും ഗംഭീര വിഷ്വലും ഉണ്ടായിരുന്നിട്ടും ഫ്‌ളാറ്റായി പോകുന്ന കഥപറച്ചിലാണ് വില്ലനെന്ന് പലരും അഭിപ്രായപ്പെടുന്നു.

125 കോടിയിലേറെ ബജറ്റിലാണ് പേട്രിയറ്റ് ഒരുങ്ങിയത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്ക് പുറമെ നയന്‍താര, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍, ഇഷാന്‍ ഷൗക്കത്ത്, ഷഹീന്‍ സിദ്ദിഖ് തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

Content Highlight: Criticism post about Patriot movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more